ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കുര്‍കുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയര്‍ത്തി. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വരുമാനത്തില്‍ 412 ശതമാനം വര്‍ധനവുണ്ടായെന്നും വരുമാനം ആറ് മാസത്തിനിടെ 6909 കോടിയായെന്നും മന്ത്രി പറഞ്ഞു. ഇതേ കാലയളവില്‍ കാസിനോകളില്‍ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനവുണ്ടായി.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി അധ്യക്ഷനായ ജിഎസ്ടി നിരക്ക് ഭേദഗതി തീരുമാനിക്കുന്ന സമിതി ഒക്ടോബറില്‍ തീരുമാനമെടുക്കും. ഈ സമിതിയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തും. നവംബറില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനവുമുണ്ടാകും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാനും ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 54ാം യോഗത്തിലും തീരുമാനിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.
50 Less than a minute