BREAKINGKERALA

കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ; ‘നേതാക്കള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയാല്‍ നിയമ നടപടി’

കോഴിക്കോട്: വടകര ലോക്‌സഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിര്‍ പോസ്റ്റ് വിവാദത്തിലെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി ഡി വൈ എഫ് ഐ രംഗത്ത്. കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ തെറ്റായ പ്രചരണം നടത്തുന്നതായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് നടക്കുകയാണെന്നും ഇത്തരം കള്ള പ്രചാരണം തള്ളിക്കളയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ യു ഡി എഫ് നടത്തി. കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ചു വരെപ്രചാരണം നടത്തി. ഇതിനിടയിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതെന്നും ഡി വൈ എഫ് അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ചല്ലാം നല്‍കിയ പരാതികളില്‍ അന്വേഷണം നടന്നു വരുന്നേ ഉള്ളുവെന്നും ഇതിനിടയില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് എതിരെ വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരം വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അതേസമയം നേരത്തെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അത് ലഭിച്ചശേഷം ബാക്കി നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല.

Related Articles

Back to top button