ചില സമയങ്ങളില്‍ കീഴ്ശ്വാസം വിടുന്നത് അരോചകമായി തോന്നിയേക്കാം. എന്നാല്‍ കീഴ്ശ്വാസം പിടിച്ചുവെക്കുന്നത് നിങ്ങളെ ആശുപത്രിയില്‍ എത്തിച്ചേക്കാമെന്നാണ് ബ്രസീലിയന്‍ മോഡലിന്റെ അനുഭവം വ്യക്തമാക്കുന്നത്. ബ്രസീലിയന്‍ യൂട്യൂബറും ഇന്‍ഫ്ലുവന്‍സറുമായ വിഹ് ട്യൂബ് എന്ന് അറിയപ്പെടുന്ന വിക്ടോറിയ ഡി ഫെലിസ് മൊറേസിനാണ് ദുരനുഭവമുണ്ടായത്.
കീഴ്ശ്വാസം വിടാന്‍ നാണിച്ച 21 കാരിയായ വിക്ടോറിയ വീല്‍ ചെയറിലാണ് പോര്‍ച്ചുഗീസ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ട അവര്‍ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമായിരുന്നില്ല. കാമുകന് എലിയേസറിനൊപ്പം പോര്‍ച്ചുഗലില്‍ നടന്ന റോക്ക് ഇന്‍ റിയോ ലിസ്ബോവ 2022 എന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കവെയാണ് അവള്‍ക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങിയത്.
കാമുകന്റെ മുന്നില്‍ വെച്ച് കീഴ്ശ്വാസം വിടാന്‍ വിക്ടോറിയയ്ക്ക് നാണമായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീല്‍ചെയറില്‍ തന്നെ ഉന്തിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വിക്ടോറിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ വര്‍ഷം ആദ്യം സമാനമായ പ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക പോക്കയെ ടാഗ് ചെയ്യാനും വിക്ടോറിയ മറന്നില്ല.
‘വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ എനിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. എന്നെ അവര്‍ വീല്‍ ചെയറില്‍ കൊണ്ടുപോയി. വേദനയ്ക്ക് കാരണം ഗ്യാസ് ആയിരുന്നു.’ വിക്ടോറിയ കുറിച്ചു. വിക്ടോറിയയെ സമാധാനിപ്പിച്ചുകൊണ്ട് പോക്ക മറുപടി നല്കി. ‘കീഴ്ശ്വാസം വിടാതിരിക്കുന്നത് ഗുരുതരമാണ്.’ എന്നാണ് പോക്കയുടെ മറുപടി. വിവിയന്‍ ഡി ക്വിറോസ് പെരേര എന്നാണ് പൊക്കയുടെ യഥാര്‍ത്ഥ പേര്. കടുത്ത വയറുവേദനയെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഈ വര്‍ഷം മാര്‍ച്ചില്‍ പൊക്ക വെളിപ്പെടുത്തിയിരുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് വയറില്‍ കുടുങ്ങിയ ഗ്യാസ് അത്ര ഗുരുതരമല്ല. എന്നാല്‍ അതു മൂലം ഉണ്ടാകുന്ന വേദന ഗുരുതരമായ മറ്റെന്തോ അസുഖമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.