‘പങ്കാളിയെ വാടകയ്ക്കെടുക്കുക’ എന്ന സംവിധാനത്തെ കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ അത്ഭുതപ്പെടേണ്ട, കാരണം ഇത്തരത്തില്‍ ഒരു സമ്പ്രദായം നിയമപരമായി അംഗീകരിച്ച ഒരു രാജ്യം തന്നെയുണ്ട്. അത് ഏതാണെന്നല്ലേ ജപ്പാനാണ് ആ രാജ്യം. ഒറ്റപ്പെട്ടുപോയ ആളുകള്‍ക്ക് അവരുടെ ഏകാന്തതയില്‍ നിന്നും മോചനം നേടുന്നതിനായാണ് ജപ്പാന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു കാര്യത്തിന് നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്നത്.
ആവശ്യകതകളെ അടിസ്ഥാനമാക്കി ഒരു പങ്കാളിയെ വാടകയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു വെബ്സൈറ്റ് ജപ്പാനില്‍ നിലവിലുണ്ട്, ഇത് ജാപ്പനീസ് സര്‍ക്കാര്‍ ആണ് നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. ജപ്പാനിലെ നിരവധി വ്യക്തികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തതയ്ക്കുള്ള പരിഹാരമായാണ് ഇത് നടപ്പിലാക്കി വരുന്നത്. ഈ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് പങ്കാളികളെ മാത്രമല്ല, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വാടകയ്ക്കെടുക്കാം.
ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് ഒരു വ്യക്തിയെ ബുക്ക് ചെയ്യാന്‍ സാധിക്കുക. നിങ്ങള്‍ ഒരു കാമുകിയെയാണ് വാടകയ്ക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ മണിക്കൂറില്‍ ഏകദേശം 6,000 യെന്‍ (3,000 രൂപയില്‍ കൂടുതല്‍) നല്‍കണം. അവരുടെ സമയം കൂടുതല്‍ ആവശ്യമാവുകയാണ് എങ്കില്‍ പിന്നീടുള്ള ഓരോ മണിക്കൂറിനും അധിക ചാര്‍ജ് ആയി 2,000 യെന്‍ (ഏതാണ്ട് 1200 രൂപ) അടയ്ക്കണം.
ജപ്പാനില്‍ ഇത്തരത്തില്‍ കാമുകിമാരെ വാടകയ്ക്ക് നല്‍കുന്ന ഒരു ഏജന്‍സിയാണ് ഷിഹോ. വാടക നല്‍കുന്നതും സമയ ക്രമീകരണത്തിലും വാടകയ്ക്ക് എടുക്കുന്ന വ്യക്തികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. നിയുക്ത സമയത്തിനും സന്ദര്‍ഭത്തിനും പുറത്ത് വാടകയ്ക്ക് എടുത്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെടാന്‍ ക്ലയന്റുകള്‍ക്ക് അനുവാദമില്ല എന്നതാണ് അത്തരത്തിലുള്ള ഒരു നിയമം. ബന്ധങ്ങളുടെ അഭാവംമൂലം ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ഒരു താല്‍ക്കാലിക ആശ്വാസം നല്‍കുക എന്നതാണ് ഇതിലൂടെ ജപ്പാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.