BREAKING NEWSNATIONAL

കാറില്‍നിന്നിറങ്ങവെ തുടര്‍ച്ചയായി നിറയൊഴിച്ചു; മന്ത്രി വെടിയേറ്റുവീഴുന്ന ദൃശ്യം പുറത്ത്

ഭുവനേശ്വര്‍: ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിക്കിടെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ മന്ത്രി ഇപ്പോള്‍ ചികിത്സയിലാണ്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനെത്തിയ മന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍നിന്നിറങ്ങുന്ന മന്ത്രിയെ മുദ്രാവാക്യം വിളികളോടെ അണികള്‍ മാലയിട്ട് സീകരിക്കുന്നതിനിടെയാണ് വെടിയൊച്ച കേള്‍ക്കുന്നത്. പിന്നാലെ നെഞ്ചില്‍ കൈയ്യമര്‍ത്തിക്കൊണ്ട് മന്ത്രി കാറിന്റെ സീറ്റിലേക്ക് ചായുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വെടിവെച്ച ആളെ വീഡിയോയില്‍ കാണാനാവുന്നില്ല.
മറ്റൊരു വീഡിയോയില്‍ നബ കിഷോര്‍ ദാസിനെ പ്രവര്‍ത്തകര്‍ എടുത്ത് കാറില്‍ കയറ്റുന്നതും കാണാം. മന്ത്രിയുടെ ശരീരത്തില്‍നിന്ന് രക്തമൊഴുകുന്നതും ഈ വീഡിയോയില്‍ ദൃശ്യമാണ്. ഈ വീഡിയോയില്‍ മന്ത്രി ബോധരഹിതനാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജ്രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഗാന്ധി ചൗക്ക് ഓട്ട്‌പോസ്റ്റ് എ.എസ്.ഐ. ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറില്‍ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്കുനേരെ വെടിയുതിര്‍ത്തത്. രണ്ടു വെടിയുണ്ടകളും നെഞ്ചില്‍ തറച്ചു. മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker