BREAKING NEWSKERALALATEST

കാലം സാക്ഷി ചരിത്രം സാക്ഷി

എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തില്‍ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്.
‘കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിയ ഒരു സമയമുണ്ടായിരുന്നു. കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രി കസേരയിലെത്തുമെന്ന പ്രതീക്ഷ വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരിയായിരുന്ന ഗൗരിയമ്മ, 1964ലെ പാര്‍ട്ടിപിളര്‍പ്പില്‍ തന്റെ ജീവിതത്തെ തന്നെ മുറിച്ചുമാറ്റി സിപിഎമ്മിനൊപ്പം നിന്ന ധീരവനിത, കാല്‍ നൂറ്റാണ്ടിന് ശേഷം താന്‍ രൂപീകരണത്തില്‍ താന്‍ കൂടി ഭാഗഭാക്കായ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് ജെ എസ് എസ് രൂപീകരിച്ചു.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ നേതാക്കളില്‍ ഒരാളാണ് കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരി എന്ന കെ ആര്‍ ഗൗരി എന്ന ഗൗരിയമ്മ. നിരീശ്വരവാദിയായിരുന്നെങ്കിലും തികഞ്ഞ ഒരു കൃഷ്ണഭക്തയായിരുന്നു കെ ആര്‍ ഗൗരിയമ്മ.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14ന് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.
1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം നല്‍കി കഴിവു തെളിയിച്ചു.
1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയില്‍ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം, കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പില്‍ക്കാല സാമ്പത്തികസാമൂഹ്യചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ഈ ബില്ലുകള്‍ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.
രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുന്‍ ഗവണ്‍മെന്റ് അംഗീകരിച്ച ഭൂപരിഷ്‌കരണ ബില്ലില്‍ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികള്‍ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തില്‍ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.
ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്) അംഗമായ ഇവര്‍ 1994 ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.
ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1957ല്‍ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വിഭിന്ന ചേരികളിലായ അവര്‍ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ചു. ജോലിയും നല്‍കി.

ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച് പ്രാബല്യത്തില്‍ വരുത്തിയ പ്രധാന നിയമങ്ങള്‍

1957ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിക്ഷന്‍ പ്രൊസീഡിങ്ങ്‌സ് ആക്റ്റ് (കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം)
1957ലെ ട്രാവങ്കൂര്‍ കൊച്ചിന്‍ ലാന്റ് ടാക്‌സ് (തിരുകൊച്ചി ഭൂനികുതി നിയമം)
1957ലെ കേരളാ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്റ്റ് (ഭൂസംരക്ഷണനിയമം)
1958ലെ കേരളാ കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്‌സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്
1958ലെ കേരളാ ലാന്റ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം)
1958ലെ കേരള വെയ്റ്റ് & മെഷേര്‍സ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
1960ലെ ജന്മിക്കരം പേയ്‌മെന്റ് (അബോളിഷന്‍) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കല്‍ നിയമം)
1960ലെ കേരളാ അഗ്രേറിയന്‍ റിലേഷന്‍ ആക്റ്റ് (പാട്ടക്കുടിയാന്‍ നിയമം)
1968ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
1987ലെ കേരളാ പബ്ലിക്ള്‍ മെന്‍സ് കറപ്ഷന്‍ (ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍ക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)

1991ലെ വനിതാ കമ്മീഷന്‍ ആക്റ്റ്.

കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം KST Act, 1975 [Kerala Scheduled Tribes (Retsriction on Transfer and Restoration of Alienated Land) Act, 1975 മറികടക്കാന്‍ ആന്റണി സര്‍ക്കാര്‍ 1996ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാഷ്ട്രപതി ആ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു. 1999ലെ നായനാര്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചു പിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു.
നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കിയപ്പോള്‍ ഗൗരിയമ്മ മാത്രം നിയമത്തെ എതിര്‍ത്തു. ഇങ്ങനെയൊക്കെ ഒരു കാലമാണ്, കാലത്തിന്റെ മുന്നേ നടന്നയാളാണ് അവര്‍.

Related Articles

Back to top button