BREAKINGKERALA
Trending

കാലാവസ്ഥ അനുകൂലം, ചൊവ്വാഴ്ച നിര്‍ണായക യോഗം; അര്‍ജുന്‍ മിഷനുള്ള ഡ്രഡ്ജര്‍ ഇന്ന് വൈകിട്ട് ഗോവയില്‍ നിന്ന് പുറപ്പെടും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായുള്ള ഡ്രഡ്ജര്‍ ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്ത് എത്തിക്കും. ഇന്ന് വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാര്‍വാറില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നാവികസേനയുടെയും ഈശ്വര്‍ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതില്‍ അന്ന് തീരുമാനമുണ്ടാകും. ചൊവ്വാഴ്ച തന്നെ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. കാര്‍വാര്‍ തുറമുഖത്ത് നിന്ന് ഷിരൂര്‍ എത്താന്‍ ഏതാണ്ട് 10 മണിക്കൂര്‍ സമയം എടുക്കും. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും.
ക്രെയിന്‍ അടക്കം ഉള്ള ഡ്രഡ്ജര്‍ പാലത്തിന് അടിയിലൂടെ കയറ്റാന്‍ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. ബുധനാഴ്ച തെരച്ചില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവില്‍ ഉത്തരകന്നഡ ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.

Related Articles

Back to top button