കാസറഗോഡ് കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), എയ്ഞ്ചല്‍(30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങള്‍ ചിതറി തെറിച്ച നിലയിലായിരുന്നു.
കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട് ഇവിടേക്ക് എത്തിയതായിരുന്നു. റെയില്‍വേ പാളം മുറിച്ച് കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.
മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്നത് മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുണ്ട്. മറ്റുള്ളവര്‍ കോട്ടയത്തേക്ക് മടങ്ങി.
കല്യാണവീട്ടിലെ സന്തോഷവും വിശേഷങ്ങളും പങ്കുവെച്ച് വീണ്ടും കാണാമെന്ന മോഹത്തോടെ പിരിഞ്ഞവരെ കണ്ണീരിലാക്കി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന തീവണ്ടി തട്ടിയുള്ള അപകടം. ഒപ്പമുണ്ടായിരുന്നവര്‍ തീവണ്ടിതട്ടി മരിക്കുന്നത് നോക്കി പകച്ചുനില്‍ക്കാനേ അവര്‍ക്കായുള്ളൂ. എല്ലാം ഞൊടിയിടകൊണ്ട് സംഭവിച്ചു.
സന്ധ്യമയങ്ങിയ നേരത്തെ ഇരുട്ടിലെ നിലവിളിയില്‍ എന്ത് സംഭവിച്ചെന്ന് സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും മുന്‍പ് കോയമ്പത്തൂര്‍-ഹിസാര്‍ എ.സി. സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തീവണ്ടി തട്ടി മൂന്ന് ജീവന്‍ പൊലിഞ്ഞിരുന്നു. പോവല്ലേയെന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പ് കേട്ടതും ചീറിപ്പാഞ്ഞെത്തിയ തീവണ്ടി ഇടിച്ചതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ നിലവിളികളുയര്‍ന്നു. തീവണ്ടി കടന്നുപോയി നോക്കുമ്പോള്‍ തൊട്ടടുത്ത് ഒരാള്‍ മരിച്ചുകിടക്കുന്നു. റെയില്‍പ്പാതയ്ക്കപ്പുറം മറ്റൊരാളും. മൂന്നാമത്തെയാള്‍ എവിടെപ്പോയെന്നായി പിന്നെ അന്വേഷണം. തിരഞ്ഞപ്പോള്‍ 50 മീറ്ററകലെ മൃതദേഹം കണ്ടെത്തി. കൂട്ടത്തിലൊരാളുടേതെന്ന് കരുതുന്ന ബാഗ് എന്‍ജിനില്‍ കുടുങ്ങിയ നിലയിലായിരുന്നു.
അപകടവിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിലെ ഉത്രാടത്തിരക്കിനിടയിലും നിരവധിപേരാണ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. പിന്നീട് ബഹളമയമായിരുന്നു കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍.
81 1 minute read