വീണാദേവി മീനാക്ഷി
കോവിഡ് 19 അകാലത്തില്‍ തട്ടിയെടുത്ത സംവിധായകന് .
വിവാദസിനിമകളുടെ വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍
ഷഷ്ടിപൂര്‍ത്തിക്ക് ദിനങ്ങള്‍ ബാക്കിയായിരുന്നു . ചിത്രകലാകാരനായ
ചലച്ചിത്രകാരന് തന്റെ സിനിമയില്‍ ചാലിച്ചത് ഏറെയും നിണത്തില്‍
കുതിര്‍ന്ന ക്രൂരതയുടെയും സമൂഹത്തിലെ അന്ധകാരത്തിന്റെയും നിറങ്ങള്‍ .
ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ നവീന ഏഷ്യന്‍ സിനിമയുടെ പ്രമുഖ വക്താവ്
എന്ന് ലോകസിനിമ കരുതുന്ന സംവിധായകന് ആണ് തെക്കന്‍ കൊറിയയില്‍
ജനിച്ച കിം കി ഡുക്ക് . പാരിസില്‍ നിന്നും ഫൈന്‍ ആര്‍ട്സില്‍
വിദ്യാഭ്യാസം നേടി കൊറിയയില്‍ തിരിച്ചെത്തി .1995 ഇല് കൊറിയന്‍
ഫിലിം കൌണ്‍സില്‍ നടത്തിയ തിരക്കഥാമത്സരത്തില്‍ സമ്മാനിതനായത്
സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിനു പ്രേരകമായി . ആദ്യ സിനിമ
“ക്രോക്കഡൈല്‍” അന്നുവരെയുള്ള കൊറിയന്‍ സിനിമകളില്‍ നിന്നും ഏറെ
വ്യത്യസ്തവും വിവാദപരവും ആയിരുന്നു . സിനിമാനിരൂപകരുടെ ഏറെ
ശ്രദ്ധയും പ്രശംസയും ഏറെ വിമര്‍ശനവും ഈ ആദ്യചിത്രത്തിനു
നേടാനായി . ഹാന്‍ നദിയുടെ തീരത്തു താമസിക്കുന്ന മുതല എന്ന്
ചെല്ലപ്പേരുള്ള ഒരു സാമൂഹ്യവിരുദ്ധനും ആത്മഹത്യാ പ്രവണതയുള്ള ഒരു
പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ . നദിയില്‍ ചാടി
മരിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ രക്ഷിച്ചു ക്രൂരമായി ബലാത്സംഗം
ചെയ്യുന്ന നായകന് പിന്നീട് അതില്‍ കുറ്റബോധം തോന്നുകയും അവളില്‍
പ്രണയാതുരന്‍ ആവുകയും ചെയ്യുന്ന കഥ . എന്നാല്‍ അന്താരാഷ്ട്ര
സിനിമാവേദിയിലേക്കാദ്യം എത്തിയ ഫിലിം ‘ ദി ഐല്‍ ‘ ആണ് .
ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അത് പ്രദര്‍ശിപ്പിച്ചു .
പിന്നീട് ‘ സമരിറ്റന്‍ ഗേള്‍ ‘, 3 അയണ്‍ , പിയാത്ത , അരീരങ് , വണ്‍
ഓണ്‍ വണ്‍ ഇവക്കു മികച്ച സംവിധാനം , മികച്ച സിനിമക്കുള്ള
ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ഇവ ലഭിച്ചു .
3 അയണ്‍
ഞാന്‍ കണ്ട ആദ്യ കിം കി ഡുക്ക് സിനിമ 3 അയണ്‍ ആണ് . പല
വീക്ഷണകോണുകള്‍ ഉള്ള സിനിമയായിട്ടാണ് അതനുഭവപ്പെട്ടത് . ഒരു
മിസ്റ്ററി , സര് റിയലിസ്റ്റിക് അംശമുള്ള ,യഥാര്‍ത്ഥ – അയഥാര്‍ത്ഥ
തലങ്ങളിലൂടെ കടന്നു പോകുന്ന കഥ . നായകന് ഒരു കള്ളന് ആണ് ;
പക്ഷെ ചില പ്രത്യേകതകള്‍ അയാള്‍ക്കുണ്ട് . ആളില്ലാ വീടുകളില്‍ കടന്നു
കയറി അവിടെ ജീവിക്കുകയും എന്നാല്‍ വീട്ടുകാര്‍ക്ക് ഒരു പ്രത്യുപകാരം
എന്നത് പോലെ അവിടെയുള്ള കേടായ വസ്തുക്കള്‍ നന്നാക്കുക , തുണികള്‍
അലക്കുക തുടങ്ങിയ ജോലികളും അയാള്‍ ചെയ്യും . അങ്ങനെ ഒരു വീട്ടില്‍
കയറുമ്പോള്‍ അവിടെ വീട്ടുടമയുടെ ഭാര്യയെ മര്‍ദനമേറ്റ നിലയില്‍
കാണുന്നു. അവരുടെ ഭര്‍ത്താവ് ക്രൂരന് ആയ ഒരു മനുഷ്യന് ആണ്.
അയാളില്‍ നിന്നും രക്ഷപെടാന്‍ അവള്‍ക്ക് ആവുന്നില്ല . കള്ളനും അവളും
തമ്മില്‍ പ്രണയത്തിലാകുന്നു . ഭര്‍ത്താവ് കണ്ടുപിടിക്കാതെ തന്നെ
കള്ളനുമായുള്ള ബന്ധം ഭാര്യ തുടരുകയാണ് . അതിനൊരു ഉദ്വേഗജനകമായ
, വിഭ്രമിപ്പിക്കുന്ന ദുരൂഹതയുണ്ട് . ചിലപ്പോള്‍ ഒരു പ്രേതകഥ ആണോ
എന്ന് തോന്നിയേക്കാം . ഭാര്യയും ഭര്‍ത്താവും ആലിംഗനം
ചെയ്തുനില്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ പുറകില്‍ നിന്നും ഭാര്യയെ
ചുംബിക്കുന്നുണ്ട് കാമുകന് . അത്തരം നിഗൂഢ നീക്കങ്ങള്‍
കൈവശമാക്കിയവനാണ് നായകന് .
കിം ഡുക്കിന്റെ സിനിമകളില്‍ പിന്നീട് കണ്ടവയെല്ലാം വയലന്‍സിന്റെ
കാര്യത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയവയാണ് . പക്ഷെ വളരെ
മാസ്മരികമായ ഛായാഗ്രഹണം , എഡിറ്റിംഗ് , അതിനെല്ലാം കൂടുതല്‍
ആഴം കൊടുക്കുന്ന നിശ്ശബ്ദത ഇവ കൊണ്ട് ആ സിനിമ
അസ്വസ്ഥമാക്കികൊണ്ട് ഉള്ളിലേക്ക് തറഞ്ഞു കയറുന്നതായിരുന്നു.
ദി ബോ
അടുത്തതായി കണ്ടത് ‘ ദി ബോ ‘ ആണ് . ആദ്യമായി കാണുമ്പോള്‍ അത്
ലളിതമായ ഒരു കഥയായി തോന്നി . കുറച്ചു സീനുകള്‍ക്ക് ശേഷം ചെറിയ
പെണ്‍കുട്ടി വൃദ്ധന്റെ തടവില്‍ എന്നത് പോലെയാണെന്നും , അയാള്‍
ദിവസങ്ങള്‍ എണ്ണി അവളെ സ്വന്തമാക്കാന്‍ പതിനേഴാം പിറന്നാള്‍
കാത്തിരിക്കുന്നു എന്നും ഞെട്ടലോടെ മനസ്സിലാക്കി . കടലില്‍ നങ്കൂരമിട്ട ഒരു
ബോട്ടില്‍ ആണവര് . മീന്പിടുത്തതിനായും , ഭാവി അറിയാനും
വല്ലപ്പോഴും കരയില്‍ നിന്ന് വരുന്നവര്‍ അവളുടെ മേല്‍ കണ്ണു വെക്കാതെ
വൃദ്ധന് ജാഗ്രതയോടെ കാക്കുന്നു . ആ തരത്തില്‍ അയാള്‍
അപകടകാരിയാണ് . എന്നാല്‍ ഒരു കൗമാരക്കാരന് ഒരിക്കല്‍ വരുന്നതോടെ
കാര്യങ്ങള്‍ മാറുന്നു . അവര്‍ തമ്മില്‍ പ്രണയത്തിലാവുന്നു .
അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷത്തില്‍ വൃദ്ധനാണ് മേല്‍ക്കൈ
കിട്ടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയും അയാളും വിവാഹിതരായി ഒരു ചെറിയ
ബോട്ടില്‍ നടുക്കടലിലേക്ക് പോകുന്നു . അവസാന രംഗം
അത്ഭുതപ്പെടുത്തുന്നതും സര്റിയലുമാണ് . ശൂന്യതയിലേക്ക്
അമ്പയച്ചുകൊണ്ട് വൃദ്ധന് കടലിലേക്ക് എടുത്തുചാടുന്നു . തിരികെ
സാവധാനം വരുന്ന ചെറിയ ബോട്ടിനെ കാത്ത് കാമുകന് വലിയ
ബോട്ടില്‍ കാത്തിരിക്കുന്നുണ്ട് . എന്നാല്‍ അമ്പ് തിരിച്ചു പെണ്‍കുട്ടിയുടെ
അടുത്തേക്ക് വരുന്നു . കാമുകന് വാരിയണക്കുന്ന പെണ്‍കുട്ടി ആ നേരം
കന്യകയല്ല എന്ന വിസ്മയിപ്പിക്കുന്ന സമസ്യ നമുക്ക് മുന്പില്
അവതരിപ്പിച്ചുകൊണ്ട് ഫിലിം അവസാനിക്കുന്നു . അതിന്റെ പരിണതി
എന്തായാലും അതിനൊരു ബുദ്ധിസ്റ്റ് സമീപനം ഉണ്ട് . ഒരാള്‍ സ്വയം
അസ്ത്രം ആകുന്ന അവസ്ഥ . എന്നാല്‍ അതില്‍ ഉത്തുംഗമായ പ്രണയം
ഉണ്ടോ എന്ന് ചോദിച്ചാല്‍ , അത് പ്രേക്ഷകന് അനുഭവവേദ്യമാക്കുന്ന
കാര്യത്തില്‍ സംവിധായകന് പരാജയപ്പെട്ടു .
ഋതുക്കളുടെ കവിത
സ്പ്രിങ്, സമ്മര്‍ , ഫാള്‍ , വിന്റര്‍ …. ആന്‍ഡ് സ്പ്രിങ് .
2000 ത്തില്‍ സംവിധാനം ചെയ്ത ‘ ദി ഐല്‍ ‘ എന്ന ചിത്രം
കണ്ടുകഴിഞ്ഞു , ഇത് കിം കി ഡുക്കിന്റെ തന്നെയാണോ എന്ന്
അത്ഭുതപ്പെടുത്തുന്ന സിനിമയാണ് വസന്തം , വേനല്‍ , ശിശിരം , ശൈത്യം
…പിന്നെയും വസന്തം എന്ന സിനിമ . കിം കി ഡുക്കിന്റെ സിനിമ
ജീവിതത്തിലെ മാസ്റ്റര്‍ പീസ് ആണ് ഋതുക്കളുടെ ഈ മനോഹര സിനിമ.
കിമ്മിനെ ഒരു വേറിട്ട ‘ സെന്‍ ബുദ്ധിസ്റ്റ് ‘ എന്ന് നിരൂപകരും ആരാധകരും
പുകഴ്ത്തുന്നത് ഈ ഒരൊറ്റ സിനിമക്കു വേണ്ടി മാത്രമാണെന്ന് എനിക്ക്
തോന്നുന്നു . അതീവസുന്ദരമായ വനസ്ഥലിയില്‍ ഏകാന്തമായ ഒരു
തടാകത്തിനു നടുവില്‍ ഉള്ള ഒരു ബുദ്ധക്ഷേത്രം , അവിടത്തെ ഗുരുവായ
സന്ന്യാസി , ഗുരു ശിഷ്യന് ആയി വളര്‍ത്തിക്കൊണ്ടുവരുന്ന ഒരു കുട്ടി
ഇവരാണ് സിനിമയുടെ മുഖ്യഘടകങ്ങള്‍ . കുട്ടിയുടെ വിനോദം മീന്‍ ,
തവള , പാമ്പ് തുടങ്ങിയ ജീവികളുടെ ദേഹത്തു കല്ല് കെട്ടി വിടുക
എന്നതാണ് . ഇത് കാണുന്ന ഗുരു അവന്റെ പുറത്തു ഭാരമുള്ള ഒരു കല്ല്
കെട്ടിവെച്ചു ആ ജീവികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നു . എങ്ങാനും
അവ ചത്തുപോയാല്‍ ആ കല്ലുകളുടെ ഭാരം എന്നെന്നും അവന്റെ
ഹൃദയത്തെ നോവിക്കും എന്ന് ഗുരു ഉപദേശിക്കുന്നു . എന്നാല്‍ കുട്ടിക്ക്
എല്ലാറ്റിനെയും രക്ഷിക്കാന്‍ കഴിയുന്നില്ല ; അതവനെ വല്ലാതെ
ദുഃഖിതനാക്കുന്നു . പിന്നീടവന് വളരുമ്പോള്‍ ചികിത്സക്കായി ക്ഷേത്രത്തില്‍
വരുന്ന പെണ്‍കിടാവുമായി ഗാഢപ്രണയത്തില്‍ ഏര്‍പ്പെടുന്നു . ഇതറിഞ്ഞ
ഗുരു അവളെ തിരിച്ചയക്കുന്നു എങ്കിലും അവന് ഗുരുവിനെയും ക്ഷേത്രവും
ഉപേക്ഷിച്ചു അവിടത്തെ ബുദ്ധവിഗ്രഹവും , ഗുരു വളര്‍ത്തുന്ന
പൂവന്‍കോഴിയുമായി പോകുന്നു . ഗുരുവിനോടുള്ള പ്രതിഷേധമെന്നോണം
കോഴിയെ കാട്ടില്‍ സ്വതന്ത്രനാക്കി ഉപേക്ഷിക്കുന്നുണ്ട് . വര്‍ഷങ്ങള്‍ കഴിഞ്ഞു
ഗുരു ഒരു പൂച്ചയെ വാങ്ങിക്കൊണ്ടു വരുന്നു അരി കേക്ക് പൊതിഞ്ഞു
വാങ്ങിയ പത്രശകലത്തില് ഒരു വാര്‍ത്തയുണ്ട് , 30 വയസ്സുള്ള ഒരാള്‍
ഭാര്യയെ കൊന്നിട്ട് ഒളിവില്‍ എന്നാണത് . അയാളുടെ ചിത്രം ഗുരു
തിരിച്ചറിയുന്നു . നഗര വേഷങ്ങള്‍ അണിഞ്ഞ കൊലപാതകി തിരിച്ചു
ക്ഷേത്രത്തില്‍ എത്തുകയാണ് . അവന്റെ മാറാപ്പില്‍ പണ്ട്
എടുത്തുകൊണ്ടുപോയ ബുദ്ധവിഗ്രഹവും , ചോരപുരണ്ട കൊലക്കത്തിയും
ഉണ്ട് . കൊന്നുകഴിഞ്ഞിട്ടും ഉള്ളില്‍ കത്തുന്ന കോപം കൊണ്ടവന്
ജ്വലിക്കുന്നു . ഗുരു അവനോട് നിലപ്പലകയില്‍ താന്‍ കുറിക്കുന്ന
പ്രജ്ഞാപരമിത ബുദ്ധ സൂത്രം കൊത്തിയെടുക്കുവാന്‍ പറയുന്നു ,ആ സമയം
അവിടെ എത്തുന്ന പോലീസുകാരോട് കുറ്റവാളിയെ അവന്റെ ജോലി
മുഴുമിപ്പിക്കാന്‍ ഗുരു അപേക്ഷിക്കുന്നു . ഒരു രാത്രി നീളുന്ന ജോലി
അവനെ പൂര്ണ്ണധ്യാനത്തിലേക്ക് എത്തിക്കുന്നുണ്ട് . ചൂണ്ടിയ തോക്കുമായി
കാവല്‍ ഇരിക്കുന്ന പോലീസുകാര്‍ പോലും ഇടക്ക് അവനെ വെളിച്ചം
കാട്ടിക്കൊടുത്തു സഹായിക്കുന്ന രംഗമുണ്ട്. പ്രേക്ഷകനിലേക്കും ആ
വികാരങ്ങള്‍ വളരെ ഗംഭീരമായി സന്നിവേശിപ്പിക്കുന്നുണ്ട് കിം കി ഡുക്ക് .
തളര്‍ന്നുറങ്ങുന്ന ശിഷ്യനെ ഉണര്‍ത്താതെ ഗുരു ആ മന്ത്രാക്ഷരങ്ങളില്‍ നിറം
ചേര്‍ക്കാന്‍ തുടങ്ങുന്നു . ഈ പ്രവര്‍ത്തിയില്‍ പോലീസുകാരും ചേരുന്നു .
അതവസാനിക്കുമ്പോള്‍ ഉണരുന്ന ശിഷ്യനെ ‘ ഇനി വിലങ്ങു വെക്കേണ്ട’
എന്ന് തീരുമാനിച്ചു പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു . അവര്‍
പോകുന്ന വള്ളത്തില്‍ ഗുരുവിന്റെ പൂച്ചയും പോകുന്നുണ്ട് . ആളൊഴിഞ്ഞ
ക്ഷേത്രത്തില്‍ ഗുരുവിനു ഇഹലോകം പിരിയുവാന്‍ സമയമായി . തന്റെ
വള്ളത്തില്‍ ചിതയൊരുക്കി അതില്‍ ധ്യാനനിമഗ്നനായിരുന്നു ചിതക്ക് തീ
കൊളുത്തുന്നു .
ഇനി തടാകം മുഴുവന്‍ തണുത്തുറഞ്ഞ ശൈത്യകാലമാണ് നാം കാണുക .
തന്റെ ശിക്ഷ കഴിഞ്ഞു ശിഷ്യന് തിരിച്ചെത്തുന്നു . അയാളിപ്പോള്‍ മുതിര്‍ന്ന
ഒരു മനുഷ്യന് ആണ് [ കിം കി ഡുക്ക് തന്നെയാണ് ഈ ഭാഗം
അഭിനയിച്ചിരിക്കുന്നത് ] . അയാള്‍ ഇപ്പോള്‍ ഒരു പൂര്‍ണ്ണ
ബുദ്ധസന്ന്യാസിയാണ് . ഒരു ദിനം അവിടെ എത്തുന്ന ഒരു സ്ത്രീ ഒരു
കുഞ്ഞിനെ ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു പോകുന്നു. താന്‍ ആരാണെന്നു
വെളിപ്പെടുത്താതെ രാത്രി ഇറങ്ങി ഓടിപ്പോകുമ്പോള്‍ തടാകത്തിലെ
മഞ്ഞുപാളിയിലുള്ള ദ്വാരത്തിനുള്ളില്‍ അറിയാതെ വീണു മരിച്ചുപോകുന്നു .
ഗുരുവിന്റെ സ്ഥാനത്തിപ്പോള്‍ സന്ന്യാസിയാണ് . ഉപേക്ഷിക്കപ്പെട്ട കുട്ടി
ശിഷ്യനും . വിധിയുടെ , കാലത്തിന്റെ ചക്രം വീണ്ടും തിരിയുകയായി .
അങ്ങനെ സിനിമ അവസാനിക്കുകയായി
അമ്പരപ്പിക്കുകയും , മനസ്സിനെ നോവിക്കുകയും ചെയ്യുന്ന ഒരു ആന്റി
ക്ളൈമാക്സ് കൂടി ഈ സിനിമക്കുണ്ട് . പഴയ കുട്ടിയുടെ സ്ഥാനത്തു
ഇപ്പോള്‍ പുതിയ കുട്ടിയാണ് . അവന് കുറേക്കൂടി ക്രൂരമായ
വിനോദത്തിലാണ് ഏര്‍പ്പെടുന്നത് . കല്ലുകള്‍ കെട്ടിവെച്ച് ജീവികളെ
പീഡിപ്പിക്കുന്നതിനു പകരം അവന് അവയുടെ വായിലാണത്
തിരുകിക്കയറ്റുന്നത് ! ഈ വിചിത്രമായ അവസാനത്തിനു നല്ലതും
മോശവുമായ തലങ്ങള്‍ ഉണ്ട് . ഒന്ന് ആ കുട്ടി ഏതോ ഒരു തരത്തില്‍ ഈ
സംന്യാസിയുമായി ബന്ധപ്പെട്ടിരിക്കുന്നു ; കാരണം അയാള്‍ ചെറുപ്പത്തില്‍
എന്ത് ചെയ്തുവോ അതിന്റെ അടുത്ത തലത്തില്‍ ആണിവന് . മറ്റൊന്ന്
സംന്യാസിയെ അന്ന് തിരുത്തുവാന്‍ ഗുരു ഭാരമേറിയ കല്ല് അവന്റെ
പുറത്തു വെച്ചുകെട്ടി . ഇവന്റെ കുറ്റങ്ങള്‍ എങ്ങനെയാണു തിരുത്തപ്പെടുക
? വേറൊന്നു വിധിയുടെ പുനരാവര്‍ത്തനം എപ്പോഴും കൂടുതല്‍ ദുരന്തം
ആകണമെന്നുണ്ടോ ? അങ്ങനെയെങ്കില്‍ ഈ പറയുന്ന ബോധജ്ഞാനത്തിന്റെ
, അല്ലെങ്കില്‍ ആത്മീയതയുടെ പൊരുളും പ്രസക്തിയും എന്താണ് ?
ആത്മശുദ്ധീകരണം എന്നത് ഉപരിപ്ലവമായ ആവര്‍ത്തനം മാത്രമാണോ ?.
പ്രേക്ഷകനെ ഒരേ സമയം ആഹ്ലാദത്തിന്റെ പരകോടിയിലേക്കുയര്ത്തുകയും
വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയും
ചെയ്തുകൊണ്ടാണ് സിനിമ അവസാനിക്കുന്നത് .
കിം കി ഡുക്കിന്റെ ഈ സിനിമ അതിന്റെ എല്ലാ വൈകാരികതയോടും
കൂടി പ്രേക്ഷകനിലേക്ക് എത്തുന്നത് അതിന്റെ ഛായാഗ്രഹണ മികവ്
കൊണ്ടുകൂടിയാണ് . കഥ നടക്കുന്ന ഭൂമികയുടെ ഉദാത്തസൗന്ദര്യവും അത്
കടന്നുപോകുന്ന ഓരോ ഋതുക്കളും ഏറ്റവും തനിമയോടെയാണ്
ഛായാഗ്രാഹകന്‍ ഡോങ് ഹയോങ് ബാക് ചിത്രീകരിച്ചിരിക്കുന്നത്.
സംഭാഷണം ഏറ്റവും മിതമായ ഒരു സിനിമയില്‍ ദൃശ്യഭാഷണങ്ങള് എന്ന
ശക്തമായ മാദ്ധ്യമത്തിലൂടെയാണ് ഈ സിനിമയുടെ സെന്‍ തലങ്ങള്‍
പ്രേക്ഷകന് അനുഭവവേദ്യമാകുന്നത് .
ദി ഐല്‍
കിം കിം ഡുക്കിന്റെ ദി ഐല്‍ കാണാന്‍ തുടങ്ങുമ്പോള്‍ ത്രീ അയണും , ദി
ബോയും സൃഷ്ടിച്ച നെഗറ്റീവ് അഭിപ്രായങ്ങള്‍ സ്പ്രിങ് , സമ്മര്‍, ഫാള്‍ ,
വിന്റര്‍ .. ആന്‍ഡ് സ്പ്രിങിലൂടെ മാറുന്നു എന്ന സമാധാനം തോന്നിയിരുന്നു
. കിമ്മിനു എന്തും സാദ്ധ്യം എന്ന ചിന്തയും . കാരണം ദൃശ്യകല മനുഷ്യനെ
ഏറ്റവും സ്വാധീനിക്കുന്ന ഒന്ന് എന്ന നിലയില്‍ മറ്റു കലാരൂപങ്ങളെക്കാള്‍
പ്രസക്തി ഏറിയതെന്നു ഞാന്‍ കരുതുന്നു . സിനിമകള്‍ കേവലം
രസിപ്പിക്കലുകള്ക്കുമപ്പുറം ഒരു ജനതയുടെ, സംസ്കാരത്തിന്റെ ,
നിലപാടുകളുടെ , പ്രതിഷേധത്തിന്റെ , സ്വപ്നത്തിന്റെ , ക്രൂരവും
അനിഷേധ്യവുമായ സത്യങ്ങളുടെ കാഴ്ച്ചകള്‍ കൂടിയാണ് . അങ്ങനെ
നോക്കുമ്പോള്‍ ദി ഐല്‍ എന്ന ചിത്രം ഏത് ആസ്വാദനതലത്തിലാണ് എന്ന്
നമുക്ക് അത്ഭുതം തോന്നാം . സ്വയം വേശ്യാവൃത്തി നടത്തുക , അല്ലെങ്കില്‍
കൂട്ടിക്കൊടുപ്പുകാരിയാവുക ഇത്തരം കാര്യങ്ങള്‍ ചെയ്തു ജലാശയത്തില്‍
ഒഴുകിനടക്കുന്ന വിനോദഗൃഹങ്ങള് നടത്തുന്ന ഒരു നായികയെയും
അവിടേക്ക് ഒളിവില്‍ വന്നു താമസിക്കുന്ന നായകനെയും ചുറ്റിപ്പറ്റി
ഒരുക്കിയ ത്രില്ലര്‍ ആണ് ദി ഐല്‍ . 2000 ത്തില്‍ പുറത്തിറിങ്ങിയ ഈ
സിനിയമയിലൂടെ കിമ്മിന് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടാനായി .
വെനീസില്‍ പത്രപ്രവര്‍ത്തകര്‍ക്കായി നടന്ന പ്രദര്‍ശനത്തില്‍ വെച്ച് ഒരു
ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് ഈ സിനിമ കണ്ടു ബോധരഹിതനായി.
മനുഷ്യഭാവനയില്‍ ഉരുവം കൊള്ളാവുന്നതില്‍ ഏറ്റവും ഭീകരം എന്ന്
പറയാവുന്ന പീഢനങ്ങള്‍ ഈ ഫിലിം കണ്ടവരില്‍ ബോധക്ഷയം
ഉണ്ടാക്കിയതില്‍ എനിക്കും അത്ഭുതം തോന്നുന്നില്ല . നായകന്
ആത്മഹത്യക്ക് ചൂണ്ടക്കൊളുത്തുകള്‍ വിഴുങ്ങുമ്പോള്‍ നായിക അവ
തന്റെ യോനിയില്‍ തറച്ചുകയറ്റുകയാണ് ചെയ്യുന്നത് ! കൊറിയന്‍ ഫിലിം
ക്രിട്ടിക്കുകളും അന്താരാഷ്ട്ര നിരൂപകരില്‍ ഒരു ഭാഗവും കിം കി ഡുക്കിനെ
ഒരു സൈക്കോപാത്തെന്നോ , പിശാചെന്നോ ഒക്കെ വിശേഷിപ്പിച്ചു .
മോബിയസ്
തന്നെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ കിമ്മിനെ കൂടുതല്‍ അതെ
പാതയില്‍ സഞ്ചരിക്കാന്‍ ആണ് പ്രേരിപ്പിച്ചത് എന്ന് തോന്നും വിധം
കൂടുതല്‍ തീവ്രമായ സിനിമകളാണ് കിം സംവിധാനം ചെയ്തത് . അതിന്റെ
നിറുകയില്‍ നില്ക്കുന്ന സിനിമയാണ് മോബിയസ് എന്ന് പറയാം.
സ്വാഭാവികമായും മോബിയസ് കൊറിയയില്‍ നിരോധിച്ചു ;
അതിനെത്തുടര്‍ന്ന് പ്രദര്ശനയോഗ്യത ലഭിക്കാനായി ഇരുപത്തിയൊന്ന്
സീനുകള്‍ നീക്കം ചെയ്യേണ്ടിവന്നു . തിരുവനന്തപുരത്തെ
രാജ്യാന്തരചലച്ചിത്രോത്സവത്തില്‍ മോബിയസ് കാണാന്‍ തിങ്ങിക്കൂടിയ
പ്രേക്ഷകരില്‍ നാലുപേര്‍ സിനിമയിലെ രംഗങ്ങള്‍ കണ്ടു ബോധംകെട്ടുവീണു
എന്നത് വലിയ വാര്‍ത്തയായിരുന്നു . വൈകൃതങ്ങളുടെയും , പിഴച്ച കുടില
ചിന്തകളുടെയും മേളനത്തിലൂടെയാണ് കിം ഈ കഥ പറഞ്ഞത് .
സംവിധായകന്റെ കാഴ്ചപ്പാടില്‍ ജീവിതം മനുഷ്യന് ശാരീരിക ആസക്തിക്ക്
അടിമയാണ്. അത് മൂലമാണ് മനുഷ്യര്‍ സ്വയം പീഡിപ്പിക്കുകയും
അവമതിക്കപ്പെടുകയും മറ്റുള്ളവരോടും അതുപോലെ പെരുമാറുകയും
ചെയ്യുന്നത് . ഈ പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു ലൈംഗികഅവയവങ്ങളും .
എന്താണ് അതെന്നുള്ളതാണ് മോബിയസിന്റെ വിഷയം . ആ കാര്യത്തില്‍
കിമ്മിന്റെ വ്യക്തിഗത ഫെറ്റിഷിസം ഈ സിനിമയെ സ്വാധീനിച്ചിട്ടുള്ളതായി
ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് .
സിനിമാകാഴ്ചപ്പാടുകള്‍
തന്റെ കൊറിയന്‍ , പാരീസ് ജീവിതം . രണ്ടു രാജ്യങ്ങളിലും കിം
തിരിച്ചറിഞ്ഞതോ അല്ലെങ്കില്‍ നിരീക്ഷിക്കാന്‍ താല്പര്യപ്പെട്ട യാഥാര്‍ഥ്യങ്ങള്‍
മാത്രമാണ് ഒരു സംവിധായകന് എന്ന നിലയില്‍ കിം കി ഡുക്കിന്റെ
സിനിമകളില്‍ പ്രതിഫലിച്ചത് . ആത്മപീഡനങ്ങള്‍ , അഗമ്യബന്ധങ്ങള് ,
ബലാത്സംഗം , വേശ്യാവൃത്തി , നിരാശ , ജീവികളോടുള്ള ക്രൂരത
ഇവയെല്ലാം കിമ്മിന്റെ ദൃഷ്ടിയില് സമൂഹത്തിന്റെ വറുതികളെ
പ്രതിനിധാനം ചെയ്യുന്നതാണ് . അതിന്റെ ഇരകള്‍ ബൂര്‍ഷ്വാകളും .
ഫിലിമിനു വേണ്ടി പീഡിപ്പിച്ചു കൊന്ന ജീവികളെ എല്ലാം ഫിലിം
ക്രൂവിന്റെ ഭക്ഷണത്തിനായി പാകം ചെയ്ത് പാപപരിഹാരം ചെയ്തു
എന്നാണ് കിം അവകാശപ്പെട്ടത് ! കിമ്മിന്റെ സ്ത്രീകള്‍ ശരീരത്തിന്റെ
കാമനകള്‍ സ്വയം പീഡിപ്പിക്കാന്‍ കൂടി ഉപയോഗിക്കുന്നവര്‍ ആണ് .
അവര്‍ തന്നെ വയലന്റ് ആയി ബലാത്സംഗം ചെയ്യുന്നവനെയും ,
സാമൂഹ്യവിരുദ്ധനെയും , കൊലയാളിയെയും ഒക്കെ പ്രണയിക്കുന്നു ;
ചിലപ്പോള്‍ അത് ഈഡിപ്പല്‍ ആകുന്നു . ഈ സ്ത്രീകള്‍ ജീവിതത്തില്‍
നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം സ്വയം ശരീരം ഇല്ലാതാക്കുകയോ [
ഏറ്റവും ദുര്‍ഗ്രഹമായ മാര്‍ഗത്തിലൂടെ ] അല്ലെങ്കില്‍ പുരുഷന്
ആസ്വദിക്കാനായി സമര്‍പ്പിക്കുകയോ ചെയ്യുന്നവരാണ് . മറ്റൊരു
പരിഹാരത്തിനുള്ള സാധ്യത അവര്‍ക്ക് ഇല്ലേ ഇല്ല . ശരീരം കൊണ്ടു തന്നെ
അഥവാ സ്വന്തം ലൈംഗികത ഉപയോഗിച്ചുകൊണ്ട് ആഗ്രഹങ്ങളും ,
പ്രതികാരവും , ശാപമോക്ഷവും തേടുന്ന സ്ത്രീകളെയാണ് കിം കി ഡുക്ക്
തന്റെ സിനിമകളിലൂടെ കൊണ്ടുവന്നത് . ബുദ്ധിപൂര്‍വം ചിന്തിക്കുന്ന,
കാണുന്നവര്‍ക്ക് ഭാവനയില്‍ താലോലിക്കാന്‍ ദൃശ്യാനുഭൂതി ബാക്കിവെക്കുന്ന
സിനിമകള്‍ ഒന്നോ രണ്ടോ മാത്രം . കിം കഥ എഴുതി സംവിധാനം
ചെയ്ത ഇരുപത്തിമൂന്നു സിനിമകളിലും ഇതിലും വേറിട്ട ഒരു കാഴ്ചപ്പാട്
, ജീവിത തത്വശാസ്ത്രം കാണാന്‍ കഴിയില്ല . ഇത്തരം കഥാപാത്രങ്ങള്‍
സൃഷ്ടിച്ച ഒരു സംവിധായകന് കടുത്ത സ്ത്രീ വിരുദ്ധനും ഷോവനിസ്റ്റും
ആണെന്നു കരുതുവാന്‍ ഏറെ ന്യായമുണ്ട് . ഈ സിനിമകളിലെ മനുഷ്യര്‍
ഏറിയ പങ്കും അവരുടെ ബുദ്ധി , വിവേകം , ജീവിതം ഇവ തീര്‍ത്തും
ഇരുളടഞ്ഞ ആസക്തികളില്‍ തളച്ചിട്ടവര്‍ ആണ് . എന്നാല്‍ കിം കി ഡുക്ക്
തന്റെ സിനിമകള്‍ അത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
വേണ്ടി മാത്രമാണ് നിര്‍മ്മിക്കുന്നതെന്നു പ്രഖ്യാപിച്ചു . ചുരുക്കത്തില്‍ ഈ
ഒരു വിഷമവൃത്തത്തില്‍ നിന്നും കിമ്മിന്റെ സിനിമകള്‍ ഒരിക്കലും പുറത്തു
വന്നില്ല . പറയുന്ന കഥകള്‍ എല്ലാം തന്നെ ഈ കേന്ദ്രബിന്ദുക്കളെത്തന്നെ
ചുറ്റി വികസിപ്പിച്ചവയാണ് .
മലയാളി പ്രേക്ഷകരുടെ കിം കി ഡുക്ക് .
ലോക സിനിമാസ്വാദകരുടെയും , ഫിലിം ഫെസ്റ്റിവലുകളുടെയും
സെര്കീറ്റില് കിം കി ഡുക്ക് തന്റെ രാജ്യത്തുപോലും കിട്ടാത്ത
പ്രശസ്തിയും, പ്രശംസയും പിടിച്ചുപറ്റി . അതുകൊണ്ടുതന്നെയാണ്
കൊറിയയിലോ മറ്റു രാജ്യങ്ങളിലോ കിട്ടാഞ്ഞ വാര്‍ത്താപ്രധാന്യം കിം കി
ഡുക്കിനു മലയാള മണ്ണില്‍ ലഭിച്ചത് .പ്രതിഭാസാന്നിധ്യത്തിലുപരി ,
കിമ്മിന്റെ സിനിമകള്‍ കൈകാര്യം ചെയ്ത വിവാദവൈചിത്ര്യങ്ങളും ,
പുഴുക്കുത്തുകള്‍ വീണ ജീവിതങ്ങളും പലേ മലയാളി പ്രേക്ഷകരെയും
ആകര്‍ഷിച്ചത് എന്തുകൊണ്ടായിരിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ് .
ലോകസിനിമയിലെ എണ്ണപ്പെട്ട പ്രതിഭകളില്‍ ഒരാള്‍ എന്ന നിലയില്‍ ആദ്യ
നൂറോ ഇരുന്നൂറോ പേരില്‍ പോലും കിമ്മിന് ഇടം പിടിക്കാന്‍ ആകും
എന്ന് തോന്നുന്നില്ല . നിരൂപകന് ആകാന്‍ നിരൂപണം നടത്തുന്നവരുടെയും
,വൈകൃതത്തില്‍ പൊതിഞ്ഞ കലാസൃഷ്ടി ഉത്തമം എന്ന് മേനി പറഞ്ഞു
ബുദ്ധിജീവിപ്പട്ടികയില്‍ ഇടം പിടിക്കുന്നവരുടെയും പ്രിയപ്പെട്ട ചലച്ചിത്രങ്ങള്‍
ആണ് കിം കി ഡുക്കിന്റെത് . ഒന്നോ രണ്ടോ ഒഴിച്ചു നിര്‍ത്തിയാല്‍
ബാക്കിയുള്ളവ , ഒരു പക്ഷെ സംവിധായകന് അവകാശപ്പെട്ടത് പോലെ ‘
അവ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് ‘. ആളുകളെ
ഞെട്ടിപ്പിക്കുന്ന വിഷ്വലുകളും , സോഷ്യോ -സൈക്കോപതിക് കഥകളും
കൊണ്ട് എന്താണ് ഒരു സംവിധായകന് കാണികളുമായി സംവദിക്കാന്‍
ശ്രമിക്കുന്നത് ? അതിന്റെ സ്വാഭാവിക പരിണതി എന്താണ്? മനസ്സിന്റെ
ഇരുട്ടറകളിലെ വഴുക്കുന്ന ഈര്‍പ്പത്തില്‍ പുളയുന്ന സര്പ്പങ്ങളെപ്പോലെയുള്ള
ചില ഭ്രമകല്പനകള് മാത്രമാണോ ഈ കഥകള്‍ ? പക്ഷെ ഒന്നുണ്ട് ..
അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കരവിരുത് .
ഞാന്‍ ആസ്വദിച്ച കിം കി ഡുക്കിന്റെ സിനിമ .
ഒരു സിനിമ എന്നാല്‍ പ്രാഥമികമായി അത് കാഴ്ചകളുടേതാണ് . അഭിനയം
, തിരക്കഥ ഇവയുടെ മികവ് പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് തികച്ചും
ജീവനുള്ള ഈ കാഴ്ചകള്‍ തന്നെ . അതില്‍ കിം കി ഡുക്ക് അസാമാന്യന്‍
തന്നെ . ക്രൂരതയും ജുഗുപ്സയും നിറഞ്ഞ , പ്രേക്ഷകനെ ബോധം
കെടുത്തുന്ന ഈ സിനിമകള്‍ ആ രീതിയില്‍ അനുഭവവേദ്യമാക്കിയത്
സംവിധാനമികവ് തന്നെ . തീര്‍ച്ചയായും അതൊരു നെഗറ്റിവ്
രീതിയായിരുന്നു. സംവിധായകന് പറഞ്ഞതുപോലെ അത്തരം സിനിമകള്‍
ഇഷ്ടപ്പെടുന്നവര്‍ മാത്രം കാണേണ്ടുന്ന സിനിമകള്‍ . എന്നാല്‍ പ്രേക്ഷകയായ
ഞാന്‍ ആഗ്രഹിച്ചത് ഈ സര്‍ഗ്ഗശേഷിയും കരവിരുതും കൊണ്ട് നല്ലതും
അതിശക്തവുമായ വേറെ എത്രയോ കഥകള്‍ പറയാമായിരുന്നു എന്നാണ് ,
കാരണം കഥകളുടെ അനന്തമായ സാദ്ധ്യതകള്‍ ആണല്ലോ മനുഷ്യജീവിതം .
അതിലടിഞ്ഞു കൂടിയ മാലിന്യം മാത്രം എടുത്ത് ക്രൂരതക്കും ,
മനോവൈകൃതങ്ങള്‍ക്കും തന്റേതായ പുതിയ ഭാഷ്യങ്ങള്‍ നല്കി എന്ന
പൊതുസ്വഭാവം കിമ്മിന്റെ സിനിമകളില്‍ ഞാന്‍ കാണുന്നു