KERALALATEST

കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ബത്തേരി:വയനാട്ടില്‍ കിണറില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ ജഡം ഇന്ന് രാവിലെ ബത്തേരിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യും. പാപ്ലശ്ശേരി ചുങ്കത്താണ് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറില്‍ കടുവ ചത്തു കിടക്കുന്നത് കണ്ടത്. ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഇരുളം ഫോറസ്റ്റ് സെക്ഷനില്‍ പെട്ട പാപ്ലശ്ശേരി ചുങ്കത്താണ് വൈകുന്നേരം അഞ്ച് മണിയോടെ കടുവയുടെ ജഡം കണ്ടത്. കളപ്പുരക്കല്‍ അഗസ്റ്റിന്റെ പറമ്പിലെ കിണറിലായിരുന്നു അഴുകിത്തുടങ്ങിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തിയത്.
വനപാലകരെത്തി പുറത്തെടുത്ത കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ ഫോറസ്റ്റ് ലാബിലേക്ക് മാറ്റി. ആണ്‍ കടുവയാണ് ചത്തതെന്നും അഴുകിത്തുടങ്ങിയ നിലയിലായതിനാല്‍ പ്രായം കണക്കാക്കാനായിട്ടില്ലെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.
ചുറ്റുമതിലുള്ള കിണറ്റില്‍ കടുവ വീണതെങ്ങനെയെന്നത് സംബന്ധിച്ചും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന നിലപാടിലാണ് വനംവകുപ്പ്. വനാതിര്‍ത്തി പ്രദേശമായ പാപ്ലശേരിയില്‍ നേരത്തെയും പലതവണ കടുവയിറങ്ങിയിരുന്നു.
വന്‍ ബഹുജന പ്രക്ഷോഭവും ഇവിടെ നേരത്തെ നടന്നിരുന്നു.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker