KERALALATEST

കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട്: ശുചിമുറിയും കുടിവെള്ളവും ആവശ്യത്തിനില്ല, അധിക വേതനം നല്‍കാതെ അവധി ദിനത്തിലും ജോലി ചെയ്യിക്കുന്നു

തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിക്കെതിരെയുള്ള തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. വേണ്ടത്ര ശുചിമുറികള്‍ കമ്പനിയിലില്ലെന്നും തൊഴിലാളികള്‍ക്കു കുടിവെള്ളം ഉറപ്പുവരുത്താന്‍ കമ്പനിക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു കിറ്റെക്‌സ് കമ്പനിയില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തിയത്. ഈ പരിശോധനയുടെ പേരിലാണ് കിറ്റെക്‌സും സര്‍ക്കാരും കമ്മില്‍ തര്‍ക്കം ഉടലെടുത്തതും തെലങ്കാനയിലെ നിക്ഷേപത്തിനു കമ്പനി തയാറായതും.
അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നല്‍കുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിമം വേതനവും തൊഴിലാളികള്‍ക്കു നല്‍കുന്നില്ല. അനധികൃതമായി തൊഴിലാളികളില്‍നിന്നു പിഴ ഈടാക്കി. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നല്‍കാന്‍ കമ്പനി തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാര്‍ തൊഴിലാളികള്‍ക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളില്‍പോലും ജീവനക്കാര്‍ക്ക് അവധി നല്‍കാതെ ജോലി ചെയ്യിച്ചു. സാലറി സ്ലിപ്പുകള്‍ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നല്‍കുന്ന രജിസ്റ്ററും കമ്പനിയില്‍ കണ്ടെത്താനായില്ല, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, റിപ്പോര്‍ട്ട് കള്ളത്തരമെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. ഒരു രേഖയും പരിശോധിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ടാണിത്. എത്ര ശുചിമുറിയുണ്ടെന്ന് ഇവര്‍ പറയട്ടേ. 70–90% വരെ അധിക വേതനം നല്‍കുന്നു. വ്യവസായികളെ അപമാനിക്കുന്ന സമീപനമാണിത്. ഓരോന്നിനെയും നേരിടാന്‍ തനിക്കു കഴിയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker