ഹൈദരാബാദ്: കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു. ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്സ് തെലങ്കാനയില്‍ രംഗപ്രവേശംചെയ്യുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാറങ്കലിലുള്ള കകതിയ മെഗാ ടെക്സ്റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചു.
ടെക്സ്റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. കിറ്റെക്സ് സംഘത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക വിമാനമയച്ചിരുന്നു.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്സിനെ ക്ഷണിച്ചിരുന്നു
**