കൊച്ചി; എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്കി ട്വന്റി20. പ്രിന്റു-ബ്രജിത ദമ്പതികളെയാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ട്വന്റി20 ആരോപിച്ചിരുന്നു. ട്വന്റി20 ചീഫ് കോര്‍ഡിനേറ്ററും അന്നാ-കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഇവരെ ആദരിച്ചത്.
പ്രിന്റുവും ബ്രിജിതയും ട്വന്റി20യുടെ വളര്‍ച്ചയുടെ പ്രതീകങ്ങളാണെന്നും, ഈ സംഭവത്തിലെ മധുര പ്രതികാരമാണ് കിഴക്കമ്പലത്തിന് പുറമെ സമീപ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പില്‍ ലഭിച്ച ഉജ്ജ്വല വിജയമെന്നും ട്വന്റി20 പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രിന്റുവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഭാര്യയുടെ മുന്നില്‍വെച്ചായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച ബ്രജിതയ്ക്കുനേരെയും കൈയ്യേറ്റ ശ്രമമുണ്ടായി. ഇവരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്കിയ ട്വന്റി20 റീപോളിങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മതിയായ രേഖകളുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്കിയ രേഖകളുമായാണ് പ്രിന്റുവും ബ്രജിത്തും വോട്ട് ചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ, വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.