ചാത്തന്നൂര്‍: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിലെ പ്രതി രേഷ്മയുടെ ബന്ധുക്കളായ രണ്ടു യുവതികളെ കണ്ടെത്തിയില്ല. മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്.
കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്കാന് ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ‘ഞങ്ങള്‍ പോകുകയാണെ’ന്ന് കത്തെഴുതി വച്ച് ഇരുവരും ഒളിവില്‍പോയി. മൊഴിനല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട കാര്യം ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു. ഇത്തിക്കര ഭാഗത്ത് യുവതികളെ കണ്ടിരുന്നതായും വിവരമുണ്ട്.