പട്‌ന: അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ ഭാര്യയെ ബാല്യകാല സുഹൃത്തിന് വിവാഹം ചെയ്ത് നല്‍കി ഭര്‍ത്താവ്. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് ബാല്യകാലത്തെ പ്രണയ ബന്ധം തുടരാന്‍ താല്‍പര്യമുണ്ടെന്ന് മനസിലായതിന് പിന്നാലെയായിരുന്നു 26കാരന്റെ അസാധാരണ നടപടി. ഖുഷ്ബു കുമാരി എന്ന 22കാരിയും രാജേഷ് കുമാറെന്ന 26കാരനും 2021ലാണ് വിവാഹിതരാവുന്നത്.
എന്നാല്‍ വിവാഹ ശേഷവും ബാല്യകാല സുഹൃത്തായ ചന്ദന്‍ കുമാറിനോടുള്ള ഇഷ്ടം യുവതി തുടര്‍ന്നിരുന്നു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിച്ച ശേഷമാണ് യുവതി തന്റെ ഇഷ്ടം ഭര്‍ത്താവിനോട് തുറന്ന് പറയുന്നത്. യുവതിയെ കാണാനായി ഒരു ദിവസം വീട്ടിലെത്തിയ സുഹൃത്തിന്റെ ഭര്‍തൃവീട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. വിവരമറിഞ്ഞ് വിഷമം തോന്നിയെങ്കിലും ഭാര്യ സന്തോഷമായിരിക്കാന്‍ കാമുകന്റെ ഒപ്പം വിവാഹം ചെയ്ത് അയയ്ക്കുകയാണ് 26കാരന്‍ ചെയ്തത്.
ഇതിന് പിന്നാലെ ഖുഷ്ബുവിനെ ചന്ദനെന്ന 24കാരന് വിവാഹം ചെയ്ത് നല്‍കാനുള്ള തീരുമാനം ഭര്‍ത്താവ് സ്വീകരിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് ഭര്‍ത്താവ് തന്നെ മുന്‍കൈ എടുത്തായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ സമ്മതിന് നന്ദിയുണ്ടെന്നാണ് യുവതിയുടെ പ്രതികരണം. എന്നാല്‍ രണ്ട് വയസുള്ള മകനെ തനിക്കൊപ്പം തന്നെ നിര്‍ത്താനാണ് രാജേഷ് തീരുമാനിച്ചിരിക്കുന്നത്. അസാധാരണ വിവാഹം ഗ്രാമത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
97 Less than a minute