കൊല്ലം: നവജാത ശിശുവിനെ പറമ്പില്‍ ഉപേക്ഷിച്ച രേഷ്മയുടെ മൊഴികള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാനാകാതെ പൊലീസ്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ഗള്‍ഫിലാണ്. വിഷ്ണുവില് നിന്നാണ് താന്‍ രണ്ടാമതും ഗര്‍ഭിണി ആയതെന്നും എന്നാല്‍, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭിണിയായ വിവരം ഭര്‍ത്താവടക്കം എല്ലാവരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നു എന്നും രേഷ്മ പറയുന്നു. ഇതുവരെ തന്റെ കാമുകനെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.
ഇരുപത്തിരണ്ടുകാരി ഗര്‍ഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്ന ചോദ്യം ഇപ്പോഴും ദുരൂഹത വര്‍ധിപ്പിക്കുന്നു. രേഷ്മ ഗര്‍ഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭര്‍ത്താവ് വിഷ്ണുവില് നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗര്‍ഭം ധരിച്ചത്. എന്നാല്‍ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവടക്കം വീട്ടുകാര്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിര്‍ദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലര്‍ച്ചെ വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.
താന്‍ പ്രസവിച്ച കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ കളഞ്ഞ ശേഷം കല്ലുവാതുക്കലെ രേഷ്മ വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നുമറിയാത്ത പാവത്തെ പോലെ. കുട്ടിയുടെ കരച്ചില് രാത്രിയില്‍ കേട്ടെങ്കിലും രേഷ്മയുടെ പിതാവ് അത് പൂച്ചയുടെ കരച്ചിലാകാം എന്ന് കരുതി വീണ്ടും കയറിക്കിടക്കുകയായിരുന്നു. എന്നാല്‍, രാവിലെ എഴുന്നേറ്റ രേഷ്മ തന്നെയാണ് പറമ്പില്‍ തിരച്ചില്‍ നടത്തിയതും കുഞ്ഞിനെ കണ്ടെത്തിയതും. രാവിലെ കുഞ്ഞിന്റെ ഞരങ്ങല്‍ കേട്ടെന്ന് പറഞ്ഞാണ് സുദര്ശനന് പിള്ളയുടെ മകള്‍ രേഷ്മ പറമ്പില്‍ തെരച്ചില്‍ നടത്തിയത്. കരിയില കൊണ്ടു മൂടി വെച്ചിരിക്കുന്നനിലയില് ഉടുതുണിയില്ലതെ പൊക്കിള്‍ കൊടി നീക്കം ചെയ്യാത്ത നിലയില്‍ രേഷ്മ എടുത്ത കുഞ്ഞിനെ കുളിപ്പിച്ച ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്.
വെളുപ്പിനെ നാല് മണിയോടെ കുട്ടിയുടെ കരച്ചില് കേട്ട് സുദര്ശനന് പിള്ള നോക്കിയപ്പോള്‍ മുറ്റത്ത് പൂച്ചകള്‍ നില്‍ക്കുന്നത് കണ്ടു. കേട്ടത് പൂച്ചകളുടെ ശബ്ദമാണെന്ന് കരുതി കതകടച്ച് ഉറങ്ങി. രാവിലെ പുറത്തിറങ്ങിയ വീട്ടുകാര്‍ പുരയിടത്തില്‍ കുട്ടിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത അവസ്ഥയില്‍ കുഞ്ഞിനെ കണ്ടത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ഹൃദയമിടിപ്പില്‍ വ്യതിയാനവുമുണ്ടായതോടെ കുഞ്ഞിനെ വൈകിട്ട് എസ്.എ.ടിയിലേക്ക് മാറ്റി. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടായിരുന്നു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. കെ.പി. സജിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡി. കോളേജിലെത്തി കുഞ്ഞിനെ നിയമപരമായി ഏറ്റെടുത്തിരുന്നു.
ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ഡി.എന്‍.എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജനിച്ച് 12 മണിക്കൂറേ പിന്നിട്ടിരുന്നുള്ളൂവെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത തോട്ടുവരുമ്പിലൂടെ സമീപത്തെ കുളത്തിന് കരയിലെത്തി മടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ കുളത്തില്‍ കൈകാല്‍ കഴുകി സ്ഥലം വിട്ടതാകാമെന്നായിരുന്നു പൊലീസ് നിഗമനം.
കൊല്ലം കല്ലുവാതുക്കലില്‍ സുദര്ശനന് പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത് ഡിഎന്‍എ ടെസ്റ്റിലൂടെ മാതൃത്വം ഉറപ്പിച്ച ശേഷമാണ്. ജനുവരി അഞ്ചാം തീയതിയാണ് സുദര്ശന് പിള്ളയുടെ പറമ്പില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ കണ്ടെത്തിയത്. രേഷ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ രേഷ്മ സ്വന്തം പറമ്പിലെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചത് എന്നാണ് പ്രാഥമിക വിവരം. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരോട് പോലും മറച്ചുവെച്ചായിരുന്നു യുവതി എല്ലാം പ്ലാന്‍ ചെയ്തത്.
ജനുവരി അഞ്ചാം തീയതിയാണ് സുദര്ശന് പിള്ളയുടെ പറമ്പില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ആശുപത്രികളിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. നടയ്ക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതയായ രേഷ്മയ്ക്ക് ഒരു കുട്ടിയുണ്ട്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ ഫെയ്സ്ബുക്കിലൂടെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളോടൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് രേഷ്മ പ്രസവിച്ചശേഷം കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചതെന്നാണ് വിവരം. യുവതിയെ ചാത്തന്നൂര്‍ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.