കോതമംഗലം: കുട്ടംപുഴയില്‍ വനത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു. മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസമാണ് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ അന്വേഷിച്ച് ഈ സ്ത്രീകള്‍ വനത്തിലേക്ക് പോയത്. എന്നാല്‍, ആനയെ കണ്ട് ഭയന്നോടിയതോടെ ഇവര്‍ കൂട്ടംതെറ്റുകയുമായിരുന്നു.കുട്ടംപുഴ അട്ടിക്കളം സ്വദേശികളായ മാളികക്കുടി മായ ജയന്‍, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ഇവര്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചു.
മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.
വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ വനത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായിരുന്നില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചില്‍ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
49 1 minute read