
വൈഗ വധക്കേസിൽ പ്രതി സനു ഹോമനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്. 1,200 പേജുള്ള കേസ് ഡയറിയും പൊലീസ് സമർപ്പിച്ചു.
കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു സനു മോഹന്റെ ശ്രമം. അതിന്റെ ഭാഗമായാണ് വൈഗയുടെ കൊലപാതകം. കുട്ടി ഒരു ബാധ്യതയാകുമെന്ന് സനു മോഹൻ ഭയന്നിരുന്നു. കുട്ടിയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ഇതിന് ശേഷം മറ്റൊരാളുമായി ജീവിക്കാൻ സനു മോഹൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
കൊച്ചി മുട്ടാർ പുഴയിലാണ് പതിനൊന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പിതാവ് സനു മോഹനിലേയ്ക്ക് അന്വേഷണം നീളുകയായിരുന്നു. അന്വേഷണത്തിൽ സനു മോഹന്റെ ഫഌറ്റിൽ കണ്ടെത്തിയ രക്തം വൈഗയുടേതാണെന്ന് കണ്ടെത്തി. കടബാധ്യതകളുള്ള സനു മോഹൻ മകളെ കൊന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കരുതിയത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ രക്ഷപ്പെട്ടുവെന്ന് വ്യക്തമായി. വൈഗ കൊല്ലപ്പെട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്ന് സനു മോഹൻ പിടിയിലായത്.