BREAKING NEWSKERALA

കുതിരാന്‍ തുരങ്കം കേന്ദ്രം തുറന്നു, സംസ്ഥാന സര്‍ക്കാരിനോട് പറയാതെ

തൃശ്ശൂര്‍: വാഹനക്കുരുക്കിന്റെ നീണ്ട വരി ഇനിയില്ല, കുതിരാന്‍ തുരങ്കത്തിലൂടെ ഇനി സുഗമമായി യാത്ര ചെയ്യാം. തൃശ്ശൂര്‍, പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ മലയിലെ ഇരട്ടത്തുരങ്കങ്ങളിലൊന്ന് ശനിയാഴ്ച വൈകുന്നേരം തുറന്നുകൊടുത്തു. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്കുള്ള തുരങ്കമാണ് ഔദ്യോഗികചടങ്ങുകളില്ലാതെ തുറന്നത്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ നിലവിലെ റോഡിലൂടെത്തന്നെ പോകും.
തുരങ്കനിര്‍മാണം പോലെത്തന്നെ അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു ഉദ്ഘാടനവും. ഉദ്ഘാടന ഇന്നലെയാണെന്ന് അറിഞ്ഞത് ഇന്നലെ മാത്രം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് വന്നു… തുരങ്കം ഇന്ന് തുറന്നുകൊടുക്കും. അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍പോലും കാര്യമറിഞ്ഞത്. ചടങ്ങുകള്‍ ഒന്നുമില്ലാതെ കുതിരാന്‍മല നില്‍ക്കുന്ന പാണഞ്ചേരി പഞ്ചായത്തിന്റെ പ്രസിഡന്റുപോലുമില്ലാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തുരങ്കം തുറന്നുകൊടുക്കുകയായിരുന്നു. സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി കെ. രാജനോ മറ്റ് ജനപ്രതിനിധികളോ എത്തിയില്ല.
വൈകുന്നേരം ഏഴിനാണ് ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ കുതിരാനിലെത്തി സ്ഥിതി വിലയിരുത്തിയത്. തുടര്‍ന്ന് എട്ടോടെ വാഹനങ്ങള്‍ കടത്തിവിട്ടു. സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തുറന്നുകൊടുക്കാന്‍ കഴിയുമോയെന്ന അനിശ്ചിതത്വത്തിലായിരുന്ന തുരങ്കം തുറന്നുകൊടുത്തതില്‍ അടിമുടി നാടകീയതയുണ്ടായിരുന്നു. തുരങ്കം തുറക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരറിയിപ്പും നല്‍കിയിരുന്നില്ല.
2016 മേയ് 13നാണ് കുതിരാനില്‍ ഇരട്ടക്കുഴല്‍ത്തുരങ്കങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. 30 മാസംകൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നതെങ്കിലും നിര്‍മാണക്കമ്പനിയുടെ സാമ്പത്തികപ്രതിസന്ധി മൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സുരക്ഷാക്രമീകരണങ്ങളെച്ചൊല്ലി അത് നീണ്ടുപോകുമെന്ന നിലയായിരുന്നു. എന്നാല്‍, സുരക്ഷാപ്രശ്‌നമില്ലെന്ന ദേശീയപാത അധികൃതരുടെ വിശദീകരണത്തോടെ സ്ഥിതി അനുകൂലമായി.
ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ സഞ്ജയ്കുമാര്‍ യാദവ്, സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ, നിര്‍മാണക്കമ്പനി പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ തുരങ്കം തുറക്കുന്ന സമയം അവിടെ എത്തിയിരുന്നു.
തുരങ്കം യാഥാര്‍ഥ്യമാവുമ്പോള്‍ അതിന്റെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാരിന് പോയേക്കുമെന്ന നിഗമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കമാണ് കുതിരാനില്‍ കണ്ടത്. കളക്ടര്‍ക്കുപോലും നേരത്തേ അറിയിപ്പ് നല്‍കാതിരുന്നത് സംസ്ഥാന സര്‍ക്കാരിനെ പരമാവധി വൈകി അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker