NEWS

‘കുത്തക നിലനിർത്താൻ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു’; ഗൂഗിളിനെതിരെ നിർണായക വിധിയുമായി യുഎസ് കോടതി

ഓണ്‍ലൈൻ സെർച്ചിലും അനുബന്ധ പരസ്യങ്ങളിലും തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഗൂഗിള്‍ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് യുഎസ്‌ കോടതി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിനേറ്റ കനത്ത തിരിച്ചടിയായാണ് വിധിയെ കണക്കാക്കുന്നത്.

ഓണ്‍ലൈൻ സെർച്ചിന്റെ 90 ശതമാനം നിയന്ത്രണം കൈയടിക്കിയതിന് 2020ലാണ് യുഎസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഗൂഗിളിനെതിരെ കേസെടുക്കുന്നത്. ഗൂഗിളിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കേസായി ഇത് മാറിയേക്കുമെന്ന വിലയിരുത്തലുകള്‍ പോലും ഉണ്ടായിരുന്നു.വിധിയെ തുടർന്ന് ഗൂഗിളിനേയും ആല്‍ഫബെറ്റിനേയും എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതില്‍ വ്യക്തതയില്ല. പിഴയിലും മറ്റ് കാര്യങ്ങളിലും അടുത്ത ഹിയറിങ്ങിലായിരിക്കും കൂടുതല്‍ വ്യക്തതയുണ്ടാകുക. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും തങ്ങളുടെ സെർച്ച് എഞ്ചിന് മുൻഗണന ലഭിക്കുന്നത് ഉറപ്പാക്കാൻ ഗൂഗിള്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ് യുഎസ് ജില്ല ജഡ്‌ജി അമിത് മേത്ത പറയുന്നത്.ഗൂഗിള്‍ ഒരു കുത്തകയാണ്, കുത്തക നിലനിർത്താനായി അവർ പ്രവർത്തിക്കുകയും ചെയ്തെന്ന് 277 പേജുകളടങ്ങുന്ന വിധിയില്‍ അമിത് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം. ഗൂഗിളാണ് ഏറ്റവും മികച്ച സെർച്ച് എഞ്ജിൻ നല്‍കുന്നതെന്നതിന്റെ തെളിവുകൂടിയാണ് വിധി. പക്ഷേ, അത് എളുപ്പത്തില്‍ ലഭ്യമാക്കാൻ അനുവദിക്കില്ല എന്നതാണ് വിധി വ്യക്തമാക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അമേരിക്കൻ ജനതയുടെ ചരിത്ര വിജയമാണ് വിധിയെന്ന് യുഎസ് അറ്റോർണി ജനറല്‍ മെറിക്ക് ഗാർലാൻഡ് പറഞ്ഞു. രാജ്യത്തെ മുൻനിര പ്രോസിക്യൂട്ടറാണ് മെറിക്ക്. ഒരു കമ്പനിയും നിയമത്തിന് മുകളിലല്ലെന്നും മെറിക്ക് വ്യക്തമാക്കി.

 

10 വാരം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. ആപ്പിള്‍, സാംസങ്, മൊസില്ല എന്നീ കമ്പനികള്‍ക്ക് കോടികള്‍ ഗൂഗിള്‍ കൊടുത്തതായാണ് ആരോപണം. ഡീഫോള്‍ട്ട് സെർച്ച് എഞ്ജിനായി നല്‍കുന്നതിന് ഗൂഗിള്‍ പ്രതിവർഷം 10 ബില്യണ്‍ യുഎസ് ഡോളർ നല്‍കുന്നതായും പ്രോസിക്യൂട്ടർ വാദിച്ചു.

 

ഗൂഗിള്‍ ഇത്രയും പണം ചെലവാക്കുന്നതിനാല്‍ മറ്റ് കമ്പനികള്‍ക്ക് മത്സരിക്കാൻ പോലും സാധിക്കുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. കമ്പനിയുടെ പ്രധാന വരുമാന ശ്രോതസുകളിലൊന്നാണ് ഗൂഗിള്‍ സെർച്ച് എഞ്ജിൻ. ഉപയോക്താക്കള്‍ പരിഗണന നല്‍കുന്നത് തങ്ങളുടെ സെർച്ച് എഞ്ജിനാണെന്ന് ഗൂഗിളും വാദിച്ചു.

Related Articles

Back to top button