ന്യൂഡല്‍ഹി: ഇതിനോടകം 396 പേരുടെ മരണം സ്ഥിരീകരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത വയനാട് ദുരന്തം മുന്നില്‍ അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര ഉത്തരവ് പുതുക്കിയിറക്കി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. 20000 ക്യൂബിക് മീറ്ററില്‍ താഴെയുള്ള ഭൂപ്രദേശത്ത് പാലം, റോഡ് പോലുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഖനനം ചെയ്യാന്‍ മുന്‍കൂര്‍ പരിസ്ഥിതി അനുമതി തേടേണ്ടതില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് ഖനനം നിര്‍ബാധം നടത്താന്‍ അനുമതി നല്‍കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ഉത്തരവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്ന് തുടങ്ങി. തുടര്‍ച്ചയായി അനുമതിയില്ലാതെ ഇത്തരം മണ്ണ് ഖനനം നടക്കുന്നത് മണ്ണൊലിപ്പിലേക്ക് നയിക്കുമെന്നും കാലാവസ്ഥാ പ്രയാസങ്ങള്‍ നേരിടാത്ത പ്രദേശങ്ങളില്‍ പോലും പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കുമെന്നുമാണ് വിമര്‍ശനം.
അണക്കെട്ടുകള്‍, ജലസംഭരണികള്‍, അണക്കെട്ടുകള്‍, തടയണകള്‍, നദികള്‍, കനാലുകള്‍, റോഡുകള്‍,പൈപ്പ്‌ലൈനുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി തേടേണ്ടെന്ന വിജ്ഞാപനം 2020 മാര്‍ച്ച് 28 ന് കൊവിഡ് കാലത്താണ് പുറത്തിറക്കിയത്. അതും കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ രാജ്യമാകെ പുറപ്പെടുവിച്ച് മൂന്നാം ദിവസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. ആദ്യം ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഇത് ചോദ്യം ചെയ്യപ്പെട്ടു. മൂന്ന് മാസത്തിനകം വിജ്ഞാപനം പുനഃപരിശോധിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.
ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഖനനത്തിന് മാര്‍ഗരേഖ പുറപ്പെടുവിച്ചു. പദ്ധതികള്‍ക്കായി ഭൂമി കുഴിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. 2024 മാര്‍ച്ചില്‍ സുപ്രീം കോടതി വിജ്ഞാപനം പാടേ തള്ളിക്കളഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും പൊതുജന താത്പര്യം പരിഗണിക്കാതെയുള്ളതാണ് തീരുമാനമെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് ഇപ്പോള്‍ പുതിയ നീക്കവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നോട്ട് പോക്ക്.
62 1 minute read