കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ അപ്പീല്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ 15നാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് കുപ്പി വെള്ളത്തിനു പരമാവധി വില ലിറ്ററിനു 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കാനായിരുന്നു തീരുമാനം. കുപ്പിവെള്ള കമ്പനികള്‍ പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ മുദ്രണം ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 2019 ജൂലൈ 19ന് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു വില നിയന്ത്രണം.
കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റേതുള്‍പ്പെടെയുള്ള ഹര്‍ജികളിലാണു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവിറക്കിയത്.
ഭക്ഷ്യസാമഗ്രികള്‍ കേന്ദ്ര അവശ്യസാധന നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്നും വില തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം ഇതാണ് കോടതി അംഗീകരിച്ചത്. കുടിവെള്ളം അല്ല, വെള്ളം കുപ്പിയിലാക്കിയ ഉല്പന്നത്തിന്റെ വിലയാണു നിയന്ത്രിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.