BREAKINGNATIONAL

‘കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ചു, കൈയേറ്റം ചെയ്തു’; ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണം

ഗാസിയാബാദ്: ജീവനൊടുക്കിയ 27കാരിയായ ബാങ്ക് ജീവനക്കാരി ശിവാനിയുടെ കുറിപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. അഞ്ച് പേജുള്ള കുറിപ്പില്‍ രണ്ട് മാനേജര്‍മാരുടേത് ഉള്‍പ്പെടെ ആറ് പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാനസിക പീഡനത്തോടൊപ്പം ശാരീരികമായി കയ്യേറ്റം ചെയ്‌തെന്നും കുറിപ്പില്‍ പറയുന്നു.
തന്നെ കുരങ്ങെന്നും ഭ്രാന്തിയെന്നും വിവാഹമോചിതയെന്നും മറ്റും വിളിച്ച് സഹപ്രവര്‍ത്തകര്‍ ആക്ഷേപിക്കാറുണ്ടായിരുന്നുവെന്ന് ശിവാനി കുറിപ്പില്‍ പറയുന്നു. ആറ് മാസമായി മാനസിക പീഡനം നേരിടുന്നു. അതിനിടെ ശാരീരികമായി കയ്യേറ്റവും ചെയ്‌തെന്ന് കുറിപ്പിലുണ്ട്. വനിതാ സഹപ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പറയുന്നുണ്ട്. കുടുംബത്തെ നോക്കണമെന്നും തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്നും സഹോദരന്‍ ഗൌരവിനോട് ആവശ്യപ്പെട്ടാണ് ശിവാനി കുറിപ്പ് അവസാനിപ്പിച്ചത്. പിന്‍ ഉള്‍പ്പെടെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിശദാംശങ്ങളും നല്‍കി.
കയ്യെഴുത്ത് ശിവാനിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കുമെന്ന് നന്ദഗ്രാം എസിപി രവികുമാര്‍ പറഞ്ഞു. ശിവാനി ജോലിസ്ഥലത്ത് ബോഡി ഷെയ്മിങ്ങും മാനസിക പീഡനവും നേരിട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഗ്യാനഞ്ജയ് സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശിവാനി, റിലേഷന്‍ഷിപ്പ് മാനേജരായി ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ ജോലിയില്‍ പ്രവേശിച്ചത്. ശിവാനിയുടെ വസ്ത്രധാരണത്തെയും ഭക്ഷണ ശീലത്തെയും സംസാരിക്കുന്ന രീതിയെയുമെല്ലാം സഹപ്രവര്‍ത്തകര്‍ കളിയാക്കിയിരുന്നുവെന്ന് സഹോദരന്‍ ഗൗരവ് പറഞ്ഞു. ജോലിസ്ഥലത്ത് നേരിട്ട പീഡനത്തെ കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും സഹപ്രവര്‍ത്തകര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന് കുടുംബം പറയുന്നു. ഗാസിയാബാദിലെ വീട്ടിലാണ് ശിവാനിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനിയുടെ മരണത്തിന് പിന്നാലെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദുഖകരവും ദൌര്‍ഭാഗ്യകരവും എന്നാണ് ആക്‌സിസ് ബാങ്കിന്റെ വിശദീകരണം. ശിവാനി ആക്‌സിസ് ബാങ്ക് നേരിട്ട് നിയമിച്ച ജീവനക്കാരി അല്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ശിവാനി ക്വെസ് (ക്യുഇഎസ്എസ്) കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നുവെന്നും ആക്‌സിസ് ബാങ്കിന്റെ ഓഫീസില്‍ ടെലി കോളറായി ജോലി ചെയ്യുകയായിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു. ശിവാനിയും മറ്റൊരു ജീവനക്കാരിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ആക്‌സിസ് ബാങ്ക് വ്യക്തമാക്കി.
ശിവാനിയുടെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ ഖേദിക്കുന്നു എന്നാണ് ക്വെസ്സിന്റെ പ്രതികരണം. ജീവനക്കാരെ വിവിധ സ്ഥാപനങ്ങളിലേക്ക് ആവശ്യപ്പെടുന്നത് പ്രകാരം നല്‍കുക എന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ക്വെസ്സ് വിശദീകരിച്ചു. ഈ ജീവനക്കാരെ നിയമിച്ച് പരിശീലനം നല്‍കി വിവിധ സ്ഥാപനങ്ങളിലേക്ക് വിടുക എന്നത് മാത്രമാണ് തങ്ങളുടെ റോളെന്നും ജീവനക്കാര്‍ അതത് സ്ഥാപനങ്ങളിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ക്വെസ് പറയുന്നു. തൊഴില്‍ സംബന്ധമായ എല്ലാ രേഖകളും നല്‍കി അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

Related Articles

Back to top button