ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിലേക്ക് ചേർന്ന് നിന്ന് സംസാരിക്കാനാവശ്യപ്പെട്ട മൈക്ക് ഓപറേറ്ററെ ശകാരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
‘ഞാനാ ഉത്തരവാദി ? മൈക്കിന്റെ അടുത്ത് ചേർന്ന് നിന്ന് സംസാരിക്കണമെന്നാണ് ചങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുമ്പിൽ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്ന പോലെ. ഇതെന്താന്നറിയോ ഇതെല്ലാം കൊറേ സാധനമുണ്ട്. പക്ഷേ അതൊന്നും കൈകാര്യം ചെയ്യാൻ അറിയില്ല. ശരിയായിട്ട് ശാസ്ത്രീയമായിട്ട് കൈകാര്യം ചെയ്യണം. മൈക്ക് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടുന്ന ഒരു ഉപകരണമാണ്. കുറേ ഉപകരണം വാരിവലിച്ച് കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യണം. ശബ്ദമില്ലെന്ന് പറയുമ്പോൾ, ഉടനെ ശബ്ദമുണ്ടാക്കാൻ വേണ്ടി പുറപ്പെട്ട് വന്നിട്ട് അതിന്റെ അടുത്ത് ചെന്ന് പറഞ്ഞോളാനാണ് പറയുന്നത്’ എം വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോടുള്ള ഓഫിസ് ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തതിൽ വിശദീകരണം നൽകുന്നതിനിടെയാണ് മൈക്ക് ഓപറേറ്റർ മൈക്ക് ശരിയാക്കാനായി വേദിയിലേക്ക് വന്നത്. തുടർന്നാണ് യുവാവിനെ ശകാരിച്ചുകൊണ്ട് വേദിയിൽ സംസാരിച്ചത്.