കൊച്ചി: കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ഉത്തരം പറഞ്ഞതിന്റെ പേരില്‍മാത്രം ഒരാളെ ശിക്ഷിക്കരുതെന്നും അതിനുമുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി. മലപ്പുറം ആനക്കയം സ്വദേശി റസീന്‍ ബാബുവിന് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
2014ല്‍ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായിനടന്ന ഘോഷയാത്ര തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് റസീന്‍ ബാബുവിനെ ശിക്ഷിച്ചത്. കോടതിയില്‍ കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് പിഴയടയ്ക്കാന്‍ ശിക്ഷിച്ചു. ഇതിനെതിരേയായിരുന്നു ഹര്‍ജി. തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നല്‍കിയത് മാത്രം കണക്കിലെടുത്ത് ശിക്ഷിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കുറ്റം സമ്മതിച്ചതിന്റെ പരിണതഫലം എന്താണെന്ന് അറിയില്ലായിരുന്നെന്നും കോടതി ശിക്ഷിച്ചതിന്റെ പേരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും കോണ്‍സ്റ്റബിള്‍ (ടെലി കമ്യൂണിക്കേഷന്‍) ആയി നിയമനം നിഷേധിക്കപ്പെട്ടുവെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു.
കേസ് 2017 മാര്‍ച്ച് ഒമ്പതിന് വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവന്നപ്പോള്‍ തെറ്റുചെയ്തിട്ടില്ലെന്നാണ് പ്രതി പറഞ്ഞതെന്ന് രേഖകളില്‍നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2018 ഏപ്രില്‍ 24നാണ് കേസ് വീണ്ടും വിചാരണക്കോടതിയുടെ പരിഗണനയ്ക്കുവരുന്നത്. അപ്പോഴും തെറ്റുചെയ്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇത്തവണ ഉണ്ടെന്നായിരുന്നു പ്രതിയുടെ ഉത്തരം. ഇതിന്റെയടിസ്ഥാനത്തില്‍ തന്നെ ശിക്ഷിച്ചെന്നാണ് ഹര്ജിക്കാരന് ബോധിപ്പിച്ചത്.
കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടതായി കണക്കാക്കാനാകിലെന്നു പറഞ്ഞ ഹൈക്കോടതി ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ഏഴ് നിര്‍ദേശങ്ങളും എടുത്തുപറഞ്ഞു.
* കുറ്റാരോപിതനെതിരേയുള്ള കുറ്റങ്ങള്‍ വ്യക്തമാക്കി മജിസ്ട്രേറ്റ് കുറ്റങ്ങള്‍ ചുമത്തണം
* അവ കുറ്റാരോപിതനെ വായിച്ചു കേള്‍പ്പിക്കുകയും വിശദീകരിക്കുകയും വേണം
* അതിനുശേഷം ഈ കുറ്റങ്ങള്‍ ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്നു ചോദിക്കണം
* ആരോപണങ്ങളുടെ ഗൗരവം മനസ്സിലാക്കി സ്വമേധയാ പ്രതി സമ്മതിക്കുന്നതായിരിക്കണം കുറ്റസമ്മതം
* കുറ്റസമ്മതം കഴിവതും പ്രതിയുടെ വാക്കുകളില്‍തന്നെ രേഖപ്പെടുത്തണം
* ഇതെല്ലാം കണക്കിലെടുത്തായിരിക്കണം പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് മജിസ്ട്രേറ്റ് വിവേചന ബുദ്ധിയോടെ തീരുമാനിക്കേണ്ടത്
* കുറ്റസമ്മതം സ്വീകരിച്ചാല്‍ മാത്രമേ പ്രതിയെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.
കേസ് പുനര്‍വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിലേക്ക് മടക്കുകയും ചെയ്തു.