നീണ്ട യാത്രകള്‍ കഴിഞ്ഞ് ആകെ മുഷിഞ്ഞ് തളര്‍ന്ന് പരവശനായി വീട്ടിലെത്തിയാല്‍, ഒന്ന് കുളിക്കാതെ കിടക്കുന്നത് മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍, ക്ഷീണിച്ച് അവശനായി നില്‍ക്കുമ്പോള്‍ കുളിക്കാന്‍ പലര്‍ക്കും മടി കാണും. ആരെങ്കിലുമെന്ന് കുളിപ്പിച്ചിരുന്നെങ്കില്‍ എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളൊന്ന് ആഗ്രഹിച്ച് പോകും. എന്നാല്‍ ആ ആഗ്രഹം സഫലമാകാന്‍ പോകുന്നതായി ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതെ, ഒരു സയന്‍സ് ഫിക്ഷന്‍ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. മനുഷ്യനെ വസ്ത്രം പോലെ കഴുകി ഉണക്കുന്ന ‘മനുഷ്യ വാഷിംഗ് മെഷീനുകള്‍’ ജപ്പാനില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
കുളിക്കാനുള്ള ക്ഷമ ഇല്ലെങ്കില്‍, അവര്‍ക്ക് 15 മിനിറ്റ് ഈ മെഷീനില്‍ ഇരിക്കാം. നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തി മെഷ്യന്‍ പുറത്തിറക്കും. എല്ലാം എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ. നിങ്ങള്‍ മെഷ്യന് അകത്തേക്ക് കയറുന്നതോടെ നിങ്ങളുടെ ശരീരത്തെയും ചര്‍മ്മത്തെയും കുറിച്ച് മെഷ്യനിലെ എഐ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുന്നു. പിന്നെ നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തിയ ശേഷം മെഷ്യന്‍ പുറത്തിറക്കും.
ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കോ’ യാണ് ഈ ‘മനുഷ്യ വാഷിംഗ് മെഷീന്‍’ വികസിപ്പിച്ചെടുത്തതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒസാക്ക കന്‍സായിയില്‍ വച്ച് നടന്ന എക്സ്പോയില്‍ 1,000 -ത്തോളം പേരെ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. എക്സിബിഷന് ശേഷം ഒരു മാസ് പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറക്കുമെന്നാണ് സയന്‍സ് കമ്പനി ചെയര്‍മാന്‍ അയോമ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഇത്തരമൊരു മെഷ്യന്‍ ആദ്യത്തേതല്ല. 50 വര്‍ഷം മുമ്പ് 1970-ല്‍ ജപ്പാനിലെ വേള്‍ഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷ്യന്‍ ആദ്യം വികസിപ്പിച്ചിരുന്നു.
പക്ഷേ, ആ മെഷ്യന് വിപണി കീഴടക്കാന്‍ കഴിഞ്ഞില്ല. പുതിയ മെഷ്യനില്‍ പഴയതിനേക്കാള്‍ മസാജ് ബോളുകള്‍ കൂടുതലുണ്ട്. മാത്രമല്ല. എഐയുടെ സഹായത്താടെ കുളിപ്പിക്കേണ്ട ശരീരത്തിന് ആവശ്യമായ സോപ്പും ഷാമ്പുവും മറ്റ് ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കാനും കഴിയുന്നു. പുതിയ മെഷ്യനില്‍ ഒരു ഫൈറ്റര്‍ ജെറ്റ് കോക്ക്പിറ്റിന്റെ ആകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് പോഡാണുള്ളത്. ഇതിനുള്ളിലേക്ക് ഒരാള്‍ കയറുമ്പോള്‍, അതില്‍ പകുതി ചൂടുവെള്ളം നിറയും. പിന്നാലെ ഹൈ-സ്പീഡ് ജെറ്റുകള്‍ വേഗത്തില്‍ വെള്ളം ചിതറിക്കുന്നു. ഈയൊരു അനുഭവം ഉപയോക്താവിന് ഏറെ ആശ്വാസം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
82 1 minute read