കാസര്‍കോട് ഗവ. കോളജില്‍ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതിന് പിന്നാലെ, നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ. റിസര്‍വേഷനില്‍ കോളജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് താന്‍ പറഞ്ഞത് നാക്കുപിഴയാണെന്നും ആ വാചകം അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഡോ. രമ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെ, രമയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
ചില വിദ്യാര്‍ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്ന് ഡോ. രമ പ്രസ്താവനയില്‍ പറഞ്ഞു.
‘കുടിവെള്ളത്തിലെ പ്രശ്നം പറയാന്‍ വന്ന വിദ്യാര്‍ഥികളെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ്എഫ്ഐ തുടങ്ങിയ അക്രമ സമരം എന്നെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ നീക്കുന്നതില്‍ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങള്‍ നിര്‍ത്തിയിട്ടില്ല. കോളജിലെ പ്രശ്നങ്ങള്‍ അന്വേഷിച്ചുവന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഞാന്‍ നല്‍കിയ അഭിമുഖം എന്റെ ഭര്‍ത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. കോളജിലെ എന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങള്‍ ഞാന്‍ ചാനല്‍ ലേഖകനോട് സംസാരിച്ചത് എന്റെ ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളജ് കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.’- രമ പ്രസ്താവനയില്‍ പറഞ്ഞു.
‘ഫെബ്രുവരി 23ന് അക്രമാസക്തമായ സമരമാണ് എസ്എഫ്ഐ എനിക്കെതിരെ നടത്തിയത്. പൊലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയില്‍ നേരത്തേ ആസൂത്രണം ചെയ്ത രീതിയില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേിറപ്പിച്ച് കൊല്ലുവാനുള്ള ശ്രമം അവര്‍ നടത്തി. സമരത്തിനു ശേഷം അന്ന് വൈകിട്ട് തന്നെ കോളജില്‍ വെച്ച് കണ്ട ചാനല്‍ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടായി. കോളജിലെ ചില വിദ്യാര്‍ഘികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മൊത്തം വിദ്യാര്‍ഘികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇട വന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്. എന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും ഞാന്‍ ഇതിനാല്‍ നിര്‍വ്യാജം മാപ്പു പറയുന്നു. ‘രമ പ്രസ്താവനയില്‍ പറഞ്ഞു.