തൃശ്ശൂര്‍: കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറില്‍നിന്ന് മൂന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ബി.ജെ.പി. ജില്ലാഘടകം പ്രതിരോധത്തില്‍. കേസില്‍ തെളിവെടുക്കുന്നതിന് രണ്ട് ജില്ലാ ഭാരവാഹികളെയും ഉയര്‍ന്ന പദവി വഹിക്കുന്ന നേതാവിനെയും അന്വേഷണസംഘം വിളിച്ചുവരുത്തിയതോടെ പാര്‍ട്ടിയില്‍ ആര്‍ക്കും പങ്കില്ലെന്ന വാദം ദുര്‍ബലമായി. ബി.ജെ.പി.യുടെ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്, പാര്‍ട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥന് എന്നിവരെയാണ് പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുത്തത്.
സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു പലകുറി ജില്ലാനേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍, ജില്ലാനേതാക്കള്‍ക്ക് കുഴല്‍പ്പണ ഇടപാട് അറിയാമായിരുന്നെന്ന് പോലീസ് മുമ്പേ സൂചന നല്‍കിയിരുന്നു. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് ബി.ജെ.പി. നേതാക്കളെ വിളിച്ചുവരുത്തിയത്. പ്രതികള്‍ നല്കിയ തെളിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
കുഴല്‍പ്പണക്കേസില്‍ ജില്ലാനേതൃത്വത്തിനു നേരെ ആരോപണം വന്നതോടെ ആര്.എസ്.എസ്. നേതൃത്വം ഇടപെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവം വിവാദമായതോടെ സംശയത്തിന്റെ മുനയിലുള്ളവര്‍ ആരോപണം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. കടബാധ്യതയില്‍പ്പെട്ട ചില നേതാക്കള്‍ അവരുടെ സ്വത്തും പറമ്പും വിറ്റ് കടം വീട്ടിയപ്പോള്‍ അത് കുഴല്‍പ്പണം ഇടപാടിലൂടെ കിട്ടിയ പണമാണെന്ന് പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇത് ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും അന്തച്ഛിദ്രവും പുറത്തുകൊണ്ടുവന്നു.
ആരോപണവിധേയരെ സഹായിക്കാനായി പരസ്യമായി രംഗത്തെത്തിയ ജില്ലാനേതാക്കള്‍ ഒടുവില്‍ പ്രശ്നം രൂക്ഷമാകുമെന്നറിഞ്ഞപ്പോള് കളം മാറ്റിച്ചവിട്ടി. സംഭവവുമായി ബന്ധമില്ലെന്ന് ഊന്നിപ്പറഞ്ഞ നേതാക്കള്‍ ഒടുവില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടിലേക്കെത്തി.
സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ സംരക്ഷണമുണ്ടാകുമെന്ന് ജില്ലാഘടകം കരുതിയെങ്കിലും തെറ്റി. ജില്ലയില്‍ നടന്ന സംഭവം അവിടെത്തന്നെ തീര്‍ക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതോടെ ജില്ലാഘടകം പ്രതിരോധത്തില്പ്പെടുകയായിരുന്നു.