BREAKING NEWSKERALA

കുഴല്‍പ്പണത്തില്‍ പുകഞ്ഞ് ബിജെപി; സുരേന്ദ്രന്‍ ഇന്ന് രാജിവയ്ക്കുമോ?

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ പുകഞ്ഞു നീറിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ ബിജെപി. സംസ്ഥാന പ്രസിഡന്റിനു നേരേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത് പാര്‍ട്ടിയെ ഒന്നടങ്കം പ്രതിരോധത്തിലാക്കുന്നു. പാര്‍ട്ടിയിലെ തന്നെ ഒരു ചേരി നേതൃത്വത്തിനെതിരേ തിരിഞ്ഞിരിക്കുന്നു. ഇന്നു ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജിവെക്കുമെന്ന പ്രതീക്ഷയില്‍ എതിര്‍പക്ഷം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചിയിലാണ് യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. കൊടകര കുഴല്‍പ്പണവിവാദം കത്തിനില്‍ക്കെ സുരേന്ദ്രന്റെ രാജിയില്‍ കുറഞ്ഞൊന്നും എതിര്‍പക്ഷം അം?ഗീകരിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈനായി നേരത്തെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുന്‍ നിര നേതാക്കളുടെ അതൃപ്തി എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായേക്കും. എന്നാല്‍ കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല എന്ന് സ്ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ശ്രമം.
തിരഞ്ഞെടുപ്പ് പണവിവാദങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് കെസുരേന്ദ്രന്‍ രാജിവെക്കുമെന്ന അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കണമെന്ന നിലപാടാണ് നേതാക്കള്‍ക്കിടയിലുള്ളത്. ആരോപണങ്ങളുടെ ചെളിക്കുണ്ടിലായ പാര്‍ട്ടിയെ അതില്‍നിന്ന് പൊക്കിയെടുക്കാന്‍ കെ. സുരേന്ദ്രന് ആവില്ലെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷം ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍, അവരിപ്പോള്‍ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല. സുരേന്ദ്രനെ രാജിയിലേക്ക് എത്തിക്കാനുള്ള നീക്കമാവും ഉണ്ടാവുക. എന്നാല്‍, സുരേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം ശക്തമായി തുടരുമെന്നും. അതിന് അയവുവരുത്താന്‍ സുരേന്ദ്രന്റെ രാജിക്ക് കഴിയുമെന്നും കരുതുന്ന നേതാക്കളുമുണ്ട്. പുറമേനിന്നുള്ള ആരോപണങ്ങള്‍ക്ക് പകരം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കൃഷ്ണദാസ് വിഭാഗം ശ്രമിക്കുന്നത്.
അതേസമയം സംസ്ഥാന പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നാണ് മുരളീധരവിഭാഗം കരുതുന്നത്. രാജിവെച്ചാല്‍ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്.
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. തൃശ്ശൂര്‍ പോലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍. സുരേന്ദ്രന്റെ ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ പത്തനംതിട്ടയിലെ കോന്നിയില്‍ എത്തി അന്വേഷണസംഘം തെളിവെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബി.ജെ.പി. കൊടുത്തയച്ചതാണ് തട്ടിക്കൊണ്ടുപോയ മൂന്നരക്കോടിയെന്ന് ആരോപണമുണ്ടായിരുന്നു. പരാതിക്കാരന്‍ ധര്‍മരാജന്റെ മൊഴിയും ഇതുതന്നെയായിരുന്നു.
പണം കോന്നിയിലേക്കാണ് കൊണ്ടുപോയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കോന്നിയിലെത്തിയുള്ള തെളിവെടുപ്പ്. കേസുമായി ബന്ധപ്പെട്ട കെ. സുരേന്ദ്രനെ ഉടന്‍തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം.കോന്നിയില്‍ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
ധര്‍മരാജന്റെ സഹോദരന്‍ ധനരാജനെയും ബി.ജെ.പി. സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനെയും അന്വേഷണസംഘം വെള്ളിയാഴ്ച ചോദ്യംചെയ്തു. കുഴല്‍പ്പണക്കടത്തില്‍ ധര്‍മരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. ധര്‍മരാജിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി. സംസ്ഥാന ഓഫീസ് ജീവനക്കാരന്‍ മിഥുനെ ചോദ്യംചെയ്തത്.
ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുകയാണ്. കേരളത്തിലെ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ഇവിടത്തെ ദയനീയമായ തോല്‍വിയും പിന്നീടുണ്ടായ വിവാദങ്ങളും കേന്ദ്രം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. കേരളത്തിലെ ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അതൃപ്തിപോലും അവഗണിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ കൊണ്ടുവന്നത്. അദ്ദേഹത്തെ വളരെപ്പെട്ടെന്നുതന്നെ നീക്കേണ്ടിവരുന്നത് കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയാണ്. കേന്ദ്രനിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അടിയന്തര കോര്‍ കമ്മിറ്റിയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker