KERALA

കൂടുവിട്ട് പറന്നു, പറന്ന്…

ജോണ്‍ ടി വേക്കന്‍

(അന്തരിച്ച നാടകകൃത്തും സംവിധായകനും മൂകാഭിനയകലയുടെ കേരളത്തിലെ അഗ്രഗണ്യനുമായിരുന്ന പ്രൊഫ പെരുന്ന വിജയനെ പ്രമുഖ നാടകസംവിധായകനും ആത്മസുഹൃത്തുമായ ജോണ്‍ ടി വേക്കന്‍ അനുസ്മരിക്കുന്നു)

നാടകകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ നാടകവേദിയില്‍ ഉത്സാഹിയായിരുന്ന പ്രൊഫ. പെരുന്ന വിജയന്‍, അരങ്ങില്‍ താന്‍ സ്വയം നിര്‍മ്മിച്ച കൂടിനോട് വിട പറഞ്ഞ് പറന്നകന്നു.

തനതു നാടകത്തിന്റെ സാദ്ധ്യതകളുപയോഗിച്ചു രചിച്ച് സംവിധാനം ചെയ്ത ‘കൂട് ‘ എന്ന നാടകം 1982ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല നാടകോത്സവത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേരളത്തിലെ അറിയപ്പെടുന്ന നാടകകൃത്തും സംവിധായകനുമായത്. ആ നാടകവും അതോടൊപ്പം, ഒരു ഇന്ത്യന്‍ കിനാവ്, കറുത്തവരുടെ സൂര്യന്‍, കനല്‍വഴികള്‍, വരിക ഘനശൈത്യമേ… എന്നീ നാടകങ്ങളും സമാഹരിച്ച് പുസ്തകവും മുഖചിത്രവും രൂപകല്പന ചെയ്ത് വൈക്കം തിരുനാള്‍ നാടകവേദിയുടെ പ്രസാധന വിഭാഗമായ നാടകഗ്രന്ഥശാലയിലൂടെ വിജയന്‍സാറിന്റെ ആദ്യ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. ആ പുസ്തകത്തിന് അവതാരിക എഴുതിക്കാന്‍ സമീപദിവസം അന്തരിച്ച പി ബാലചന്ദ്രനെ നിശ്ചയിച്ചതും ബാലചന്ദ്രന്റെ വൈക്കത്തുള്ള വീട്ടില്‍ പൊയതുമെല്ലാം ഞങ്ങളൊരുമിച്ചാണ്. പ്രസ്തുത നാടകങ്ങള്‍ക്ക് എന്റെ ഒരു രംഗപഠനവും വേണമെന്ന് പറഞ്ഞ് എഴുതിച്ചിരുന്നു. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ മലയാളവിഭാഗമായിരുന്നു പ്രകാശനം സംഘടിപ്പിച്ചത്. കെ ആര്‍ മീരയൊടൊപ്പം ഞാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം രണ്ടാമതൊരു പുസ്തകം കൂടി ആലോചിച്ചിരുന്നു. പ്രസ്തുത പുസ്തകം കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. സാറിന്റെ പുസ്തകപ്രസാധനം ഞാന്‍ നിര്‍വ്വഹിക്കുന്നതിന് എത്രയോ വര്‍ഷം മുമ്പ് ഞങ്ങള്‍ നാടകസുഹൃത്തുക്കളായിരുന്നു. വൈക്കം തിരുനാള്‍ നാടകവേദി അവതരിപ്പിച്ച കെ വി ശരത്ചന്ദ്രന്റെ ‘ശത്രു’, സുധീര്‍ പരമേശ്വരന്റെ ‘ചന്തമുള്ളവള്‍’ എന്നീ നാടകങ്ങള്‍ ഞാന്‍ സംവിധാനം ചെയ്തപ്പോള്‍, പ്രായംകൊണ്ട് എന്നേക്കാള്‍ വളരെ സീനിയറായിരുന്നെങ്കിലും എന്റെ സഹസംവിധായകനായി വിജയന്‍സാര്‍ പ്രവര്‍ത്തിച്ചിരുന്നു.

നാടകകലയെ ആത്മാവിലാവാഹിച്ചു കൊണ്ടുനടന്നപ്പോഴും സാറിന്റെ പ്രതിഭ ഏറെ ശോഭിച്ചത് മൂകാഭിനയ (മൈം) കലയിലായിരുന്നു. വിജയന്‍സാറിന്റെ മൂകാഭിനയകലയുടെ കൃത്യതയെ വെല്ലാന്‍ കേരളത്തില്‍ അധികമാരും ഉണ്ടായിരുന്നില്ല. സര്‍വ്വകലാശാലാ തലത്തിലും സംസ്ഥാന സ്‌കൂള്‍ തലത്തിലും നിരവധി തവണ ഞാന്‍ വിധികര്‍ത്താവായിരുന്നിട്ടുണ്ട്. എപ്പോഴും സാറിന്റെ സംഘത്തിനായിരുന്നു സമ്മാനം ലഭിച്ചിരുന്നത്. ഒരിക്കല്‍, ഒരിക്കല്‍ മാത്രം രണ്ടാം സ്ഥാനം ആയിപ്പോയി. അപ്പോഴും എന്തുകൊണ്ടാണ് രണ്ടാം സ്ഥാനമായിപ്പോയതെന്നറിയാന്‍ വിധികര്‍ത്താവെന്ന നിലയില്‍ വളരെ താല്പര്യപൂര്‍വ്വം എന്നെ സമീപിച്ചതും എന്റെ വിശദീകരണങ്ങളില്‍ പൂര്‍ണ തൃപ്തനായി തിരികെപ്പോയതും ഓര്‍ക്കുന്നു. സ്‌നേഹവും സൗഹൃദവും ഉണ്ടായിരുന്നപ്പോഴും അര്‍ഹതയുള്ളവര്‍ക്കേ ഞാന്‍ സമ്മാനം കൊടുക്കൂ എന്ന് ഉത്തമ ബോദ്ധ്യം സാറിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു പരിഭവവുമില്ലായിരുന്നു. ഇതിനെല്ലാം പുറമേ, റേഡിയോ നാടകം, ഷോര്‍ട്ട് ഫിലിം എന്നീ മേഖലകളിലും ചില സൃഷ്ടികള്‍ നടത്തിയിട്ടുണ്ട്. അതു സംബന്ധിച്ച ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തുമ്പോള്‍, സാമൂഹിക വിഷയങ്ങളോടുള്ള സാറിന്റെ നര്‍മ്മബോധവും ആക്ഷേപഹാസ്യവും എന്നെ വല്ലാതെ രസിപ്പിച്ചിരുന്നു.

സുഖമില്ലാതെയായപ്പോഴും സംസാരത്തില്‍ മിതത്വം പാലിച്ചിരുന്നു എന്നതൊഴിച്ചാല്‍ ചിന്തകള്‍ ക്രിയാത്മകമായിരുന്നു. ആത്മബന്ധത്തിന്റെ ആഴവും തീവ്രതയും ഇതില്‍ക്കൂടുതല്‍ കുറിക്കാന്‍ ഇപ്പോള്‍ മനസ്സനുവദിക്കുന്നില്ല.

Related Articles

Back to top button