BREAKING NEWSNATIONAL

‘കൂട്ടായ നേതൃത്വം വേണം, ബിജെപിക്കെതിരെ സമാന മനസ്‌കരോട് കൂട്ടാകാം’, ജി 23 നിര്‍ദേശം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷം എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം കൂടിയേ തീരൂവെന്ന് പാര്‍ട്ടിയിലെ വിമതശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23 (ഗ്രൂപ്പ് 23) . എല്ലാ തലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാല്‍ മാത്രമേ ഇനി പാര്‍ട്ടിക്കൊരു തിരിച്ചുവരവുള്ളൂ എന്ന് ഇന്നലെ രാത്രി ഗുലാംനബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന ജി 23 നേതാക്കളുടെ യോഗം വിലയിരുത്തി.
ഇന്ന് ജി 23 നേതാവായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ കണ്ടേക്കും. ജി 23 യോഗത്തില്‍ നേതാക്കളുന്നയിച്ച പൊതുവികാരം ഇടക്കാല അധ്യക്ഷയെ അറിയിക്കാനാണ് കൂടിക്കാഴ്ച. കേരളത്തില്‍ നിന്ന് ശശി തരൂരും പി ജെ കുര്യനും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയില്‍ നിന്ന് നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ കൂട്ടത്തോല്‍വിയുണ്ടായി. മുന്നോട്ട് പോകാന്‍ കൂട്ടായ നേതൃത്വവും പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയേ തീരൂ. അതിനായി സമാനമനസ്‌കരായ രാഷ്ട്രീയശക്തികളുമായി കോണ്‍ഗ്രസ് ഇപ്പോഴേ ചര്‍ച്ച തുടങ്ങണം. 2024ന് മുന്നോടിയായി ഇപ്പോഴേ അതിനുള്ള ഒരു പ്ലാറ്റ്‌ഫോം ഒരുക്കണം. അത് ജനങ്ങള്‍ക്ക് വിശ്വാസ്യമായ ഒരു ബദലുമാകണം ജി 23 പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇനി മുന്നോട്ടുള്ള നടപടികള്‍ ഉടനടി അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് പ്രസ്താവന അവസാനിക്കുന്നത്. കേരളത്തില്‍ നിന്ന് എംപി ശശി തരൂരും, പിജെ കുര്യനും പുറമേ, ദേശീയ തലത്തില്‍ നിന്ന് ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ മണിശങ്കര്‍ അയ്യരും യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ, പൃഥ്വിരാജ് ചൗഹാന്‍, ഭൂപിന്ദര്‍ സിംഗ് ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബര്‍, ശങ്കര്‍ സിംഗ് വഗേല, എം എ ഖാന്‍, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനായ സന്ദീപ് ദീക്ഷിത്, കുല്‍ദീപ് ശര്‍മ, വിവേക് തന്‍ഖ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ എന്നിവര്‍ യോഗത്തിനെത്തി.
പുനഃസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോര്‍മുല ഗ്രൂപ്പ് 23 അനുസരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ് വിമതശബ്ദങ്ങളുടെ ഈ കൂട്ടായ്മ. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളില്‍ പിന്തുണയേറുന്നുവെന്ന സന്ദേശം നല്‍കി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് അവരുടെ നീക്കം. ഇനിയെന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നതില്‍ വിശദമായ ചര്‍ച്ച നടത്താനാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
നേതൃത്വത്തിനെതിരെ, വിശേഷിച്ച് രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ പി ജെ കുര്യന്‍ ഉന്നയിച്ചത്. പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ വേണം. ഗ്രൂപ്പ് 23നെ താന്‍ പിന്തുണയ്ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് പറ്റില്ലെങ്കില്‍ വേറെയാള്‍ വരണം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയില്ല. രാഹുല്‍ വെറും എംപി മാത്രമാണ്. തോല്‍വിയുടെ പേരില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മാത്രം ആക്രമിക്കുന്നത് ശരിയല്ല. കെ സി വേണുഗോപാല്‍ നടപ്പാക്കുന്നത് നേതൃത്വത്തിന്റെ നിര്‍ദേശമാണ്. ആ നിര്‍ദേശം പാളിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനല്ലേയെന്നും പി ജെ കുര്യന്‍ ചോദിക്കുന്നു.
സമാനമായ ഭാഷയില്‍ രൂക്ഷവിമര്‍ശനമാണ് കപില്‍ സിബല്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്ന് മാറി മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നായിരുന്നു കപില്‍ സിബല്‍ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. എന്തധികാരത്തിലാണ് പ്രസിഡന്റല്ലാത്ത രാഹുല്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജീത് ചന്നിയെ പഞ്ചാബില്‍ പ്രഖ്യാപിക്കാന്‍ എന്ത് അവകാശമാണ് രാഹുല്‍ ഗാന്ധിക്ക് ഉള്ളതെന്നുമാണ് അഭിമുഖത്തില്‍ സിബല്‍ ചോദിക്കുന്നത്. പാര്‍ട്ടിയുടെ എബിസിഡി അറിയില്ല സിബലിനെന്ന് തിരിച്ചടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ട് അന്ന് തന്നെ സിബലിനെ തള്ളിപ്പറഞ്ഞെങ്കിലും ആ മുറുമുറുപ്പ് പാര്‍ട്ടിയില്‍ പടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരൊന്നാകെ ചേര്‍ന്ന് സിബലിനെതിരെ പടയൊരുക്കം നടത്തുന്നത്.
ജനപിന്തുണയില്ലാത്ത സിബല്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗധരിയും കുറ്റപ്പെടുത്തി. അഭിഭാഷകനായ കപില്‍ സിബല്‍ വഴിമാറി പാര്‍ട്ടിയിലെത്തിയതാണെന്നും, കോണ്‍ഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കള്‍ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചാലും സോണിയ ഗാന്ധിയെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് മുതര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. സിബല്‍ മുന്‍പ് മത്സരിച്ച ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ കോണ്‍ഗ്രസ് ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രമോയം പാസ്സാക്കുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker