കണ്ണൂർ കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയശേഷം സഹോദരന്മാരായ മുഹ്സിനെയും മൻസൂറിനെയും വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു.