KERALABREAKING NEWSLATEST

കൂലി തര്‍ക്കം, കോവിഡ് വാക്‌സിന്‍ ഇറക്കുന്നത് തടഞ്ഞെന്ന ആരോപണം, വാര്‍ത്തയുടെ വസ്തുത വ്യക്തമാക്കി സിഐടിയു

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് സിഐടിയു. തിരുവനന്തപുരം ടി ബി സെന്ററില്‍ വന്ന വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സ് ഇറക്കാന്‍ സിഐടിയു പ്രവര്‍ത്തകര്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യാതൊരുവിധ കൂലിത്തര്‍ക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് സിഐടിയു സംഘടനയായ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം വന്ന വാക്‌സിന്‍ ലോഡുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് തൊഴിലാളികള്‍ ഇറക്കുന്നത്. ഇപ്പോള്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ വില നല്‍കി വാങ്ങുന്ന വാക്‌സിന്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്യാരിയര്‍ ബോക്‌സ് മാത്രമാണ്. തൊഴിലാളികള്‍ ഇറക്ക് കൂലിയുടെ കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും മുതിര്‍ന്നിരുന്നില്ല. ഇറക്ക് കൂലി നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്ത സമയത്തിന്റെ ഇടവേളയില്‍ ആണ് പ്രസ്തുത മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ എത്തി ഇത്തരത്തില്‍ വസ്തുതകളെ വളച്ചൊടിച്ച് വാര്‍ത്ത ചമച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തൂലമായ സംഭാവനകള്‍ നല്‍കുന്ന തൊഴിലാളികളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മാധ്യമം നടത്തിയിട്ടുള്ളത് എന്നും സംഘടന ആരോപിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാപകല്‍ ഇടപെടുന്നവരാണ് തൊഴിലാളികള്‍. ഒരിടത്തും കൂലിയുടെ പേരില്‍ യാതൊരു തര്‍ക്കത്തിനും ഇടനല്‍കിയിട്ടില്ല. കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് 5 കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങളുടെ അദ്ധ്വാനവും കൂലിയുടെ വിഹിതവും നാടിനായി നല്‍കിയ തൊഴിലാളികളെ കുറിച്ച് സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത ചമച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇത്തരം ഹീനമായ മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ നിന്നും പിന്മാറാന്‍ ഇക്കൂട്ടര്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഈ വാര്‍ത്ത തെറ്റിദ്ധാരണാജനകമാം വിധം ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടന്ന കാര്യങ്ങള്‍ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker