തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുന്‍ഗണനയെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസിയുടെ സത്യവാങ്മൂലം. ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദന ക്ഷമത കുറയാന്‍ കാരണമെന്നും കോര്പ്പറേഷന് ഹൈക്കോടതിയെ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്നേ ശമ്പളം നല്‍കണമെന്ന സ്വകാര്യ ഹര്‍ജിക്കെതിരെ നല്കിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി ഇക്കാര്യം വ്യക്തമാക്കിയത്. പ്രഥമ പരിഗണന ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകള്‍ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ്. രക്ഷപ്പെടുത്താന്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍ ജീവനക്കാര്‍ എതിര്‍ക്കുകയാണെന്നും കോര്പ്പറേഷന് കോടതിയെ അറിയിച്ചു. പരിഷ്കാരങ്ങള്‍ നടപ്പിലായാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്താനാകുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.