BREAKINGKERALA
Trending

‘കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ല’; വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി കെ ശശി

തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഎം നേതാവ് പി കെ ശശി. രാജി വയ്ക്കാനല്ലല്ലോ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാനല്ലേ പാര്‍ട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്. കെടിഡിസിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. ബാക്കിയെല്ലാം കല്‍പ്പിത കഥകളാണ്. പാര്‍ട്ടി നടപടി വിശദീകരിക്കേണ്ട ബാധ്യതയില്ല. പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ല. തനിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പി കെ ശശി പ്രതികരിച്ചു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവില്‍ സിപിഎം ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം പി കെ ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണഫണ്ടില്‍ നിന്നും സമ്മേളന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കള്‍ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകകള്‍ ശശിക്കെതിരെ റിപ്പോര്‍ട്ടിലുണ്ട്. കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ എന്‍ എന്‍ കൃഷ്മദാസ് ഒഴികെ ആരും ശശിയെ പിന്തുണച്ചില്ല. ശശി പക്ഷക്കാരായിരുന്ന നേതാക്കള്‍ പലരും കളം മാറി. എന്നാല്‍ ശശി ജില്ലാ കമ്മറ്റി അംഗമായതിനാല്‍ സംസ്ഥാന കമ്മറ്റിയാണ് നടപടി എടുക്കേണ്ടത്. തല്‍ക്കാലം നടപടി ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.

Related Articles

Back to top button