BREAKING NEWSKERALA

കെടിയു വിസി സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചു; ഗവര്‍ണര്‍ നിയമോപദേശം തേടിയേക്കും

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്തേക്കുള്ള പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കി. താത്കാലിക വിസി സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനുള്ളതാണ് പേരുകള്‍. മൂന്ന് പേരുള്‍പ്പെട്ട പാനലാണ് സംസ്ഥാനം ചാന്‍സലര്‍ക്ക് തീരുമാനത്തിനായി കൈമാറിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരുടെ പേര് അടങ്ങിയ പാനല്‍ ആണ് നല്‍കിയത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും പാനലില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുക. നേരത്തെ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ സിസ തോമസിനെ നിയമിച്ചത്.
മുന്‍പ് യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന കാരണത്താല്‍ സര്‍വകലാശാല വിസി നിയമനാധികാരം സംസ്ഥാന സര്‍ക്കാരിന് ഇല്ലാതാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം മറികടന്ന് ഗവര്‍ണര്‍ക്ക് സ്ഥിരം വിസി നിയമനം നടത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലെ ഉത്തരവ് പുറത്ത് വന്നപ്പോഴാണ് ഈ പരാമര്‍ശങ്ങളുള്ളത്.
സിസ തോമസിനെ കേരള സാങ്കേതിക സര്‍വകലാശാല വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ കേസിലെ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. വൈസ് ചാന്‍സലര്‍ നിയമനം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. നേരത്തെ സര്‍ക്കാര്‍ തയ്യാറാക്കിയ പാനലിലുള്ളവര്‍ക്ക് യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയില്ല. എന്നാല്‍ അതിന്റെ പേരില്‍ വീണ്ടും നിയമന ശുപാര്‍ശ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിയമപരമായ അധികാരം ഇല്ലാതാവില്ല. സര്‍വകലാശാല ചട്ടം മറികടന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സ്ഥിരം വിസി നിയമനം നടത്താനുമാകില്ല. അതിനാല്‍, സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് സാങ്കേതിക സര്‍വകലാശാല സ്ഥിരം വിസിയെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാകില്ലെന്നും രണ്ടംഗ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker