ENTERTAINMENTMALAYALAM

കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ച് യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം : മോഹന്‍ലാലിന്റെ യോഗാദിന സന്ദേശം

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാമെന്നും മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
‘ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം.’ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. യോഗ ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്.
ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.
എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂണ്‍ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീര്‍ണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങള്‍ കൂടിയാണിത്.
എട്ട് ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ് ‘യോഗ’ യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങള്‍. ഇവയ്‌ക്കോരോന്നിനും ‘യോഗ’ യില്‍ പ്രാധാന്യമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker