”കുത്തക മുതലാളിമാരുടെ മുഖം മിനുക്കുന്ന കെയ്‌സണ്‍ എന്ന പിആര്‍ ഏജന്‍സിയുമായി നമ്മുടെ മുഖ്യമന്ത്രിക്ക് എന്താണ് ബന്ധം?” മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ദി ഹിന്ദു ദിന പത്രം മാപ്പു പറഞ്ഞ് രംഗത്തെത്തിയതോടെ ഈ ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ ഉയര്‍ന്നു കേള്‍ക്കുന്നത്. ദേശീയ ദിനപത്രമായ ദി ഹിന്ദുവിന് പിആര്‍ ഏജന്‍സി കെയ്‌സണ്‍ മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്തു എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് എക്‌സില്‍ കുറിച്ചിട്ടുണ്ട്. ദിനപത്രങ്ങള്‍ക്ക് അഭിമുഖം വാഗ്ദാനം ചെയ്യാന്‍ മാത്രം വിലകുറഞ്ഞ ഉല്‍പ്പന്നമാണോ മുഖ്യമന്ത്രി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഈ സാഹചര്യത്തില്‍, എല്ലായിടത്തും ഉയര്‍ന്നു കേള്‍ക്കുന്നത് ഒരൊറ്റ പേരാണ്. ‘ കെയ്‌സണ്‍’ .
ആരാണ് കെയ്‌സണ്‍? എന്താണ് ഈ കമ്പനി ചെയ്യുന്നത്? കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം, ഇന്ത്യയൊട്ടാകെ വേരുകളുള്ള പബ്ലിക് റിലേഷന്‍സ്, ഡിജിറ്റല്‍ മീഡിയ ഏജന്‍സിയാണ് കെയ്‌സണ്‍. reputation management ആണ് ഇവരുടെ പ്രധാന ജോലി. അതായത്, ഒരു സ്ഥാപനത്തെയോ വ്യക്തിയെയോ കുറിച്ചുള്ള ആളുകളുടെ പൊതുധാരണകളെ വിവിധ മാര്‍ഗങ്ങളിലൂടെ സ്വാധീനിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ പ്രശസ്തി, അല്ലെങ്കില്‍ ഇമേജ് ഒക്കെ വര്‍ധിപ്പിക്കുക. ഇത്തരം ഒരു സ്ഥാപനവുമായി കേരള മുഖ്യമന്ത്രിക്ക് എന്താണ് ബന്ധം എന്നതാണ് ഉയരുന്ന സംശയം.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ച ഒരു ഏജന്‍സിക്ക് വേണ്ടി ദി ഹിന്ദു നടത്തിയ പിആര്‍ എക്‌സസൈസ് ആണ് ഇതെന്നാണ് ദേശീയദിന പത്രത്തിന്റെ വിശദീകരണത്തില്‍ നിന്ന് മനസിലാകുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ ആനന്ദ് കൊച്ചുകുടി എക്‌സില്‍ കുറിച്ചു. ഹിന്ദു പത്രത്തിനായി അഭിമുഖമെടുത്ത ശോഭന നായര്‍ക്കൊപ്പം എന്തുകൊണ്ടാണ് ഈ പിആറുകാരുടെ സാന്നിധ്യമെന്ന് അദ്ദേഹം ചോദിക്കുന്നു. അധികാരത്തില്‍ വരാന്‍ പിആര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നുള്ള ചര്‍ച്ചകളിലേക്ക് വീണ്ടും വഴി വെക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്തുകൊണ്ട് പിആര്‍ ഏജന്‍സിയായ കെയ്‌സണ്‍ ആണ് തങ്ങളെ സമീപിച്ചതെന്നാണ് ദി ഹിന്ദുവിന്റെ വിശദീകരണം. സെപ്റ്റംബര്‍ 29ന് രാവിലെ 9 മണിക്ക് കേരള ഹൗസില്‍ വച്ച് തങ്ങളുടെ മാധ്യമ പ്രവര്‍ത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയെന്നും പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നെന്നും ദേശീയ ദിനപത്രം വ്യക്തമായി വിശദീകരിക്കുന്നുണ്ട്. 30 മിനിറ്റ് നേരമായിരുന്നു ഇന്റര്‍വ്യൂ.
സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇതില്‍ ഒരു പിആര്‍ പ്രതിനിധി പിന്നീട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണിത് എന്നാണ് ഇവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ രേഖാമൂലം നല്‍കി. ഇതാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇത് അതേപടി ഉള്‍പ്പെടുത്തിയത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തില്‍ പറയാത്ത കാര്യം ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നു -ദി ഹിന്ദു വ്യക്തമാക്കുന്നു.