BREAKING NEWSKERALA

കെ റെയില്‍: ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല: മുഖ്യമന്ത്രി

പാറശ്ശാല: കെ റെയിലിനായി ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈനിനെതിരേ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. 64000 കോടി രൂപ മാത്രമാണ് പദ്ധതിക്കു ചെലവാകുന്നത്. ഇത് ഒരു ലക്ഷം കോടി കടക്കുമെന്നു പറയുന്നത് വ്യാജമാണ്.
കെറെയിലിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്നു കണക്കാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. വീട് നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമേ വീടോ പണമോ നല്‍കും. കാലിത്തൊഴുത്ത്, വാണിജ്യസ്ഥാപനങ്ങള്‍, വാടകക്കെട്ടിടത്തിലെ വാണിജ്യസ്ഥാപനം, വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാര്‍, സ്വയംതൊഴില്‍ നഷ്ടമാകുന്നവര്‍, പുറമ്പോക്ക് കച്ചവടക്കാര്‍, ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും.
1383 ഹെക്ടര്‍ സ്ഥലമാണ് കെറെയിലിനായി ഏറ്റെടുക്കേണ്ടിവരുന്നത്. 13362.32 ലക്ഷം രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിന്റെ ചെലവ്.
കെറെയില്‍ ആരംഭിക്കുമ്പോള്‍ പ്രതിദിനം ഒരു ലക്ഷം യാത്രക്കാരുണ്ടാകും. 2025ല്‍ ഇത് ഒന്നേകാല്‍ ലക്ഷവും 2040ല്‍ ഒന്നേ മുക്കാല്‍ ലക്ഷവുമാകും. 2025-26 വര്‍ഷം വരുമാനം 2513 കോടിയും 2031-32 വര്‍ഷം 4878 കോടിയുമായിരിക്കും കെറെയിലില്‍നിന്നു ലഭിക്കുന്ന വരുമാനം.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ നവകേരളമാക്കി മാറ്റുന്നതാണ്. കാര്‍ഷികവ്യാവസായിക മേഖലകളിലെ ദൗര്‍ബല്യങ്ങള്‍ പരിഹിക്കാന്‍ പശ്ചാത്തലസൗകര്യ വികസനം ആവശ്യമാണ്. വ്യവസായ, ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് കെറെയില്‍ വരുന്നത്. ഇത് വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിനു സഹായിക്കും. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു വേഗം കൂട്ടാന്‍ കെറെയില്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി.യും യു.ഡി.എഫും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്ന് കേരളത്തിലെ വികസനം അട്ടമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
എന്തുവന്നാലും കെറെയില്‍ നടപ്പാക്കാനനുവദിക്കില്ലെന്നാണ് യു.ഡി.എഫ്. പറയുന്നത്. ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചത് വികസനപ്രവര്‍ത്തനങ്ങള്‍കൊണ്ടാണെന്നു തിരിച്ചറിഞ്ഞതോടെയാണ് വികസനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. ബി.ജെ.പി.യിലെയും കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് കെറെയില്‍ അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരേ രംഗത്തെത്തിയിട്ടുള്ളത്.
ജമാ അത്തെ ഇസ്ലാമി പോലുള്ള തീവ്രവാദസംഘടനകള്‍ പുതിയ മുഖംമൂടിയണിഞ്ഞ് എത്തുകയാണ്. ജനാധിപത്യവാദികള്‍, പരിസ്ഥിതിവാദികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയ രൂപങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് രംഗത്തുവരികയാണ്. സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണത്തിനു ശ്രമം നടക്കുന്നു. അതില്‍ സംഘപരിവാറും ന്യൂനപക്ഷ സംഘടനകളുമുണ്ട്. ലൗ ജിഹാദ്, ഹലാല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇതിനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker