കൊച്ചി: സില്‍വര്‍ ലൈനിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി ഹൈക്കോടതിയില്‍ ശരിവെച്ച് റെയില്‍വേ. സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ കോടതിയില്‍ റെയില്‍വേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് റെയില്‍വേ നിലപാട് അറിയിച്ചത്.
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കെ റെയിലിന് അനുമതിയുണ്ടെന്ന് കോടതിയില്‍ റെയില്‍വേ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് ആവശ്യമില്ല. 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും റെയില്‍വേ കോടതിയില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരും സമാന നിലപാടുതന്നെയാണ് കോടതിയെ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം പദ്ധതിക്ക് ഉണ്ടെന്നും ഇതനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് എടുത്തിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, സര്‍ക്കാരിന്റെയും റെയില്‍വേയുടെയും വാദങ്ങളെ ഹര്‍ജിക്കാര്‍ ചോദ്യംചെയ്തു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് സര്‍ക്കാരിന്റെയോ റെയില്‍വേയുടെയോ കൃത്യമായ അനുമതി ഇല്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി 955 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് ജനജീവിതത്തെ തകിടംമറിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്തിമവാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റി