LATESTBREAKING NEWSKERALA

കെ – റെയില്‍: ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വെ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ (കെ-റെയില്‍) സാധുത ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ സര്‍വെ കേരള ഹൈക്കോടതി തടഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നത് വരെയാണ് തടഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി.

സര്‍വെ നടത്തുന്നതിന് മുന്‍പ് തന്നെ ഡിപിആര്‍ എങ്ങനെ തയാറാക്കിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഏരിയല്‍ സര്‍വെ പ്രകാരമാണ് ഡിപിആര്‍ തയാറാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഏരിയല്‍ സര്‍വെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ഡിപിആര്‍ പരിശോധിച്ച് വരികയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) കോടതിയെ അറിയിച്ചിരിക്കുന്നത്. കെ-റെയില്‍ അധികൃതരോട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ എസ് ജി വ്യക്തമാക്കി.

ഡിപിആര്‍ തയാറാക്കുന്നതിന് മുന്‍പ് എന്തൊക്കെ നടപടികള്‍ എടുത്തു, സര്‍വെയ്ക്ക് മുന്‍പാണൊ ഡിപിആര്‍ തയാറാക്കിയത്, ഡിപിആര്‍ എങ്ങനെയാണ് തയാറാക്കിയത് എന്നെല്ലാം വിശദമായി അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സാധ്യതാ പഠനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാൻ ആകൂ എന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു.

റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് ഏരിയല്‍ സര്‍വെ നടത്തുന്നതെന്നും ഇപ്പോള്‍ നടക്കുന്നത് നേരിട്ടുള്ള സര്‍വെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍വെ എപ്രകാരമാണ് നടത്തുന്നതെന്ന് വ്യക്തമല്ലെന്ന് പറഞ്ഞ കോടതി കുറ്റി നാട്ടുന്നതിന് മുന്‍പ് സര്‍വെ പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞു.

100 കോടി രൂപയ്ക്ക് മുകളിൽ ഉള്ള പദ്ധതിക്ക് കേന്ദ്രത്തിനു തത്വത്തിൽ അംഗീകാരം നൽകാൻ ആവില്ല എന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. മാഹിയിൽ കൂടി റെയില്‍വെ കടന്നു പോകുന്നത് കൊണ്ട് ഇതൊരു അന്തര്‍ സംസ്ഥാന പദ്ധതിയാണെന്നും അതിനാൽ കേരളത്തിന് മാത്രമായി തീരുമാനം എടുക്കാൻ ആവില്ലെന്നും ഹർജിക്കാർ പറഞ്ഞു.

Inline

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker