BREAKING NEWSKERALALATEST

കെ സുരേന്ദ്രന്‍ തെറിക്കും; സെപ്തംബറോടെ ബിജെപിയില്‍ നേതൃമാറ്റം, അദ്ധ്യക്ഷനാവുക ഇവരിലാരാകും?

കേരളത്തില്‍ അധികാരം പിടിക്കുക എന്നത് കാലങ്ങളായുള്ള ബിജെപിയുടെ ആവശ്യമാണ്. ഇതിനായുള്ള പ്രവര്‍ത്തനവും കേന്ദ്ര നേതാക്കളുടെ ശ്രദ്ധയും കേരളത്തില്‍ പതിഞ്ഞിട്ട് നാളുകളേറെയായി. സാധ്യത തീരെ കല്‍പിക്കാത്തിടങ്ങളില്‍ പോലും മിന്നുന്ന വിജയം നേടിയ പാര്‍ട്ടിക്ക് പക്ഷെ കേരളത്തില്‍ പറയത്തക്ക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര നേതൃത്വത്തിന് നിരാശയുണ്ട്. ഗ്രൂപ്പുപോരും, ആര്‍എസ്എസിന്റെ അമിത ഇടപെടലുകളും വിവാദങ്ങളും കേരള ഘടകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് നേതൃത്വം നോക്കിക്കണ്ടത്. ഇതിനായുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു മുന്നേതന്നെ തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ പ്രഭാരിയായി സി പി രാധാകൃഷ്ണനെന്ന രാഷ്ട്രീയ തന്ത്രജ്ഞനെ അവരോധിച്ചത് ഇതിന്റെ ഭാഗമായാണ്. കര്‍ണാടക ഘടകത്തിലെ പ്രമുഖരേയും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി നിയമിച്ചിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍, ശോഭാ കരന്തലജെ എം.പി തുടങ്ങിയവര്‍ കേരളത്തില്‍ ക്യാമ്പു ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളില്‍ ജയ പ്രതീക്ഷയുണ്ടെന്നും, മൂന്ന് സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്നും സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് ഉറപ്പു നല്‍കിയിരുന്നു. കൂടാതെ, പതിനഞ്ചോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ പാര്‍ട്ടി സംപൂജ്യരായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും, തിരഞ്ഞെടുപ്പ് നടത്തിപ്പിലും, പണം കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധക്കുറവും പിടിപ്പുകേടും ഉണ്ടായി എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ കുറ്റകരമായ ഉദാസീനത സംഭവിച്ചു. പാലക്കാട് ഇ ശ്രീധരനെ ജയിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടില്ലെന്ന നിഗമനത്തിലാണ് ദേശീയ നേതൃത്വം.
സംസ്ഥാന അദ്ധ്യക്ഷന്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കണമെന്ന തീരുമാനം കൈക്കൊണ്ടത് കേന്ദ്രമല്ല. സുരേന്ദ്രന്റെയും വി മുരളീധരന്റെയും തീരുമാനമാണ് നടപ്പിലായത്. നേരത്തേ സ്ഥാനാര്‍ത്ഥികളെ നിശ്ചിയിക്കാത്തതും, ഉചിതമായ മണ്ഡലങ്ങളില്‍ നേതാക്കളെ മത്സരിപ്പിക്കാത്തതിലും കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പുണ്ട്. ഓരോ മണ്ഡലങ്ങള്‍ക്കും നല്‍കിയ തുക കാര്യക്ഷമമായി ചെലവഴിക്കാത്തതിലും അമര്‍ഷമുണ്ട്. പരാജയ കാരണങ്ങളെക്കുറിച്ച് പഠിച്ച സി വി ആനന്ദബോസ്, ഈ ശ്രീധരന്‍, ഡോ.ജേക്കബ് തോമസ് എന്നിവരുടെ റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം. സംസ്ഥാന നേതൃത്വം സമ്പൂര്‍ണ പരാജയമാണെന്ന തരത്തിലാണ് മൂന്ന് റിപ്പോര്‍ട്ടുകളും. ചില സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്നും, അവിടെ ജയിക്കാന്‍ ശ്രമിക്കുന്നതിന് പകരം തമ്മിലടിക്കാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപി കേരള ഘടകത്തില്‍ അടിമുടി അഴിച്ചുപണി നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അലകും പിടിയും മാറി പുതിയ നേതൃത്വം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബിജെപി കോണ്‍ഗ്രസിനെയോ ഇതര സംഘടനകളെ പോലെയല്ല. ഉടന്‍ തന്നെ നേതാവിനെ മാറ്റി അണികളുടെ ആത്മവിശ്വാസം കളയാന്‍ ഉന്നത നേതൃത്വം തയ്യാറാകില്ലെന്നല്ലെന്ന സൂചനകളുമുണ്ട്. എന്നാല്‍ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഗ്‌നിശുദ്ധി നടത്താന്‍ നേതൃത്വം ശ്രമിച്ചേക്കും. ആഗസ്റ്റ് സെപ്തംബര്‍ മാസത്തോടു കൂടി ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും പുതിയ നേതൃത്വം വരികയും ചെയ്യും. ഇതിനായുള്ള ശ്രമങ്ങള്‍ ദേശീയ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന.
എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നീ പേരുകളാണ് നിലവിലെ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നു വരാന്‍ സാധ്യത. അണികള്‍ക്കിടയില്‍ രമേശിനുള്ള സ്വാധീനം കുറവാണ് എന്നതിനാല്‍ അനുയോജ്യനാണോ എന്നത് രണ്ടാമതൊന്നു കൂടി കേന്ദ്ര നേതൃത്വത്തിന് ആലോചിക്കേണ്ടി വരും. ശോഭയ്‌ക്കെതിരെ നിരവധി ആക്ഷേപണങ്ങളാണ് മുരളീധരപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയാല്‍ ശോഭാ സുരേന്ദ്രന്‍ സംഘടനയുമായി ഒത്തുപോകില്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളുടേയും വാദം. നിലവിലെ നേതൃനിരയില്‍ നിന്നും ആരു വന്നാലും തമ്മിലടി തുടരും. അതിനാല്‍ പുതിയ പേരുകള്‍ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഒപ്പം സംഘടനാ സെക്രട്ടറിയായി സംസ്ഥാനത്തിന് പുറത്തുള്ളവരെ നിയമിക്കും. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കരുത്ത് കാട്ടാനായതിന്റെ പിന്നില്‍ ഇത്തരം സംഘടനാ സെക്രട്ടറിമാരായിരുന്നു.
സംഘടനാ സംവിധാനത്തില്‍ ആര്‍എസ്എസിന്റെ അമിത ഇടപെടല്‍ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതുതായി ഉണ്ടാകാനാണ് സാധ്യത. ബിജെപിക്കൊപ്പം ആര്‍എസ്എസിന്റെ ഇടപെടലും പ്രതിസന്ധിക്ക് ആക്കംകൂട്ടിയിരുന്നു. ആര്‍എസ്എസിന് ബിജെപിയെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ നഷ്ടമായിട്ട് നാളേറേയായി. ബിജെപി സഹസംഘടനാ സെക്രട്ടറിയായിരുന്ന സുഭാഷിന്റെ പിന്‍മാറ്റം ഇതിനുദാഹരണമാണ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളോട് കാണിച്ചിരുന്ന ബഹുമാനങ്ങളൊന്നും ഇന്നത്തെ നേതൃത്വത്തോട് ബിജെപി നേതാക്കള്‍ കാണിക്കുന്നില്ല. വ്യക്തിപരമായ കഴിവില്ലായ്മയും, പ്രായവും, വിദ്യാഭ്യാസവും ആര്‍എസ്എസിന്റെ കരുത്ത് ചോര്‍ത്തിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker