കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കനത്ത തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ജില്ലാകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി ബി.എസ്.പി.യിലെ കെ. സുന്ദര പത്രിക നല്‍കിയിരുന്നു. സുരേന്ദ്രന്റെ അനുയായികള്‍ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചെന്നും പ്രതിഫലമായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് ബദിയടുക്ക പോലീസിന്റെ കേസ്.
സുന്ദരയുടെ മൊഴിപ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ജില്ലാകോടതി സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കോഴ നല്‍കിയെന്ന കേസ് നിശ്ചിത സമയപരിധിക്കുശേഷമാണ് ചുമത്തിയതെന്നും വിലയിരുത്തി.
84 Less than a minute