BREAKINGNATIONAL

‘കേന്ദ്രം ‘ഉറപ്പ്’ എന്ന പദം ഉപയോഗിച്ചതില്‍ പ്രതീക്ഷ, 2017ലും സമിതിയെ നിയോഗിച്ചിരുന്നു’; പ്രതികരിച്ച് ഐഎംഎ

ദില്ലി: പശ്ചിമ ബംഗാളില്‍ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭ്യര്‍ത്ഥനയില്‍ പ്രതികരണവുമായി ഐഎംഎ. സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ഉറപ്പ് എന്ന പദം ഉപയോഗിച്ചതില്‍ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ടാംഘട്ടം സമരത്തെ സംബന്ധിച്ച് കേന്ദ്രത്തിന്റെ ഈ നിലപാട് കൂടി കണക്കിലെടുക്കും. വിശദമായി പരിശോധിച്ച ശേഷം തുടര്‍ തീരുമാനമെന്നും ഐഎംഎ അധ്യക്ഷന്‍ ആര്‍ വി അശോകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, റെസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളില്‍ കോളേജ് അധികൃതര്‍ അന്വേഷണം നടത്തണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കല്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമായിരിക്കും.

Related Articles

Back to top button