കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബലാത്സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതല്‍ ചേരും. ഇന്നും നാളെയുമാണ് സഭാ സമ്മേളനം നടക്കുക. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുള്‍പ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു. ബില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയക്കുമെന്നും, ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരമിരിക്കുമെന്നുമാണ് മമത അറിയിച്ചത്. എന്നാല്‍ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തമായപ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള മമതയുടെ അടവാണിതെന്നാണ് ബിജെപിയുടെ വിമര്‍ശനം.
നേരത്തെ, മമതയുടെ നീക്കത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് വനിത ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഭാരതീയ ന്യായ സംഹിതയില്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, സംസ്ഥാനത്തെ 48,600 കേസുകളില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ പറയുന്നു.
ഫാസ്റ്റ് ട്രാക്ക് കോടതികളെ നോക്കുകുത്തികളാക്കിയെന്നും മന്ത്രി അന്നപൂര്‍ണ്ണ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിലെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് മമത സര്‍ക്കാര്‍ നടത്തുന്നതെന്ന് പീപ്പിള്‍സ് യൂണിയന് ഓഫ് സിവില്‍ ലിബര്‍ട്ടി ആരോപിച്ചു.
ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചത്. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമയച്ചിരുന്നു.
62 1 minute read