BREAKINGKERALA
Trending

കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ട്’; വയനാടിനെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; കണ്ണൂരേയ്ക്ക് മടങ്ങി

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനൊപ്പം ഭാരത സര്‍ക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റില്‍ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുക എന്നതിനാണ് പ്രാധാന്യം. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. കേരളത്തിനൊപ്പം കേന്ദ്രമുണ്ട്. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സൈന്യം ചൂരല്‍മലയില്‍ നിര്‍മ്മിച്ച ബെയ്‌ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു. കളക്ടറേറ്റിലെ യോഗത്തിന് ശേഷം കണ്ണൂരിലേക്ക് പ്രധാനമന്ത്രി മടങ്ങി. വൈകീട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.

Related Articles

Back to top button