ഡല്‍ഹി: യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സംഘടനയെയും സ്വാധീനിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി വന്‍ വ്യാജവാര്‍ത്താ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.യു. ഡിസിന്‍ഫൊലാബ് കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയൊ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ.) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ സംവിധാനത്തിന് പിന്നിലെന്ന് ഡിസിന്‍ഫൊലാബ് വെളിപ്പെടുത്തിയതായി കാരവന് മാഗസിന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നാണ് ഈ അന്വേഷണ റിപ്പോര്‍ട്ടിന് ഡിസിന്‍ഫൊലാബ് പേരിട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പ് നിര്‍വ്വീര്യമാക്കിയ ശേഷം കാശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിലെ വലതുപക്ഷ എം.പിമാരെ കൊണ്ടുവരുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ശ്രിവാസ്തവ ഗ്രൂപ്പാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡിസിന്‍ഫൊലാബ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ”ഞങ്ങള്‍ ഇതുവരെ തുറന്നുകാട്ടിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശൃംഖലയാണിത്.” യൂറോപ്യന്‍ യൂണിയന്(ഇ.യു.) ഡിസിന്‍ഫൊലാബ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അലക്സാണ്ടര്‍ അലഫിലിപ്പ് പറഞ്ഞു.
2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനോട് തുലനം ചെയ്യാവുന്ന പ്രവര്‍ത്തനമാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഖ്യമായും യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാരെക്കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിനനുകൂലമായ ഇടപെടലുകള്‍ നടത്തിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഈ സംവിധാനം ചെയ്തുകൊണ്ടിരുന്നത്.
ഇത്തരത്തിലുള്ള ഇടപെടലിനു ശേഷം ഏതെങ്കിലും എം.പി. നടത്തുന്ന പ്രസ്താവനയോ എഴുതുന്ന ലേഖനമോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റുകള്‍ പ്രസിദ്ധീകരിക്കും. ഇത് എ.എന്‍.ഐ. ഏറ്റെടുക്കും. യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടായി ചിത്രീകരിച്ചുകൊണ്ടാവും ഈ പ്രസ്താവനകളും ലേഖനങ്ങളും പുറത്തുവിടുക. ഇന്ത്യയിലെ വിവിധ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ അവയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കും.
2019ല്‍ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണങ്ങള്‍ (സര്‍ജിക്കല്‍ സ്ട്രൈക്ക്സ്)ക്ക് അനുകൂലമായി യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി. റൈസാര്‍ഡ് സര്‍നെക്കി എഴുതിയ ലേഖനം ശ്രിവാസ്തവ ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് എ.എന്‍.ഐ. ഏറ്റെടുത്തു. യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവനയായാണ് എ.എന്‍.ഐ. ഈ ലേഖനം റിപ്പോര്‍ട്ട് ചെയ്തത്. എക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വാര്‍ത്താ മാദ്ധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. ഇതുപോലെ നിരവധി വാര്‍ത്തകളാണ് ശ്രീവാസ്തവ ഗ്രൂപ്പും എ.എന്‍.ഐയും ചേര്‍ന്ന് വളച്ചൊടിച്ച് ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍, ഇതിന് പിന്നില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് സര്‍വ്വീസസിന്റെ ഇടപെടല്‍ ഉണ്ടെന്ന് പറയാനാവില്ലെന്ന് ഇ.യു. ഡിസിന്‍ഫൊലാബ് വ്യക്തമാക്കി. ”വളരെ വലിയ സംവിധാനമാണിത്. പക്ഷേ, അതിന്റെ അര്‍ത്ഥം ഭരണകൂടം ഇതിന് പിന്നിലുണ്ടാവണമെന്നല്ല. ” വ്യാജ വാര്‍ത്ത ശൃംഖലകളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഗ്രാഫിക്കയുടെ ഡയറക്ടര്‍ ബെന്‍ നിമ്മൊ ബി.ബി.സിയോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണകൂടത്തെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും കിട്ടിയിട്ടില്ലെന്ന് ബി.ബി.സി. വ്യക്തമാക്കി. എ.എന്‍.ഐയില്‍നിന്നും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ബി.ബി.സി. വെളിപ്പെടുത്തി.
ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള പത്ത് സന്നദ്ധ സേവന സംഘടനകളുമായിട്ടെങ്കിലും ശ്രിവാസ്തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനകളാണിത്. കഴിഞ്ഞ 15 വര്‍ഷമായി ശ്രിവാസ്തവ ഗ്രൂപ്പ് ഈ ജോലിയില്‍ വ്യാപൃതമാണെന്നും ഡിസിന്‍ഫൊലാബ് പറയുന്നു.
വ്യവസായിയായ അങ്കിത് ശ്രീവാസ്തവയാണ് ശ്രിവാസ്തവ ഗ്രൂപ്പിന്റെ മേധാവി. അങ്കിതിന്റെയും അങ്കിതിന്റെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഇ മെയില്‍ മേല്‍വിലാസം ഉപയോഗിച്ച് നാനൂറോളം ഡൊമെയ്ന്‍ പേരുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ഡിസിന്‍ഫൊലാബ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.