തിരുവനന്തപുരം: ഏക സിവില്‍ കോഡിന് എതിരായ സിപിഎം സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പങ്കെടുക്കുന്നില്ലെന്ന വിവാദം പരിപാടിയുടെ മഹിമ ഇല്ലാതാക്കാനെന്ന് പാര്‍ട്ടി നേതാവ് എകെ ബാലന്‍. സെമിനാറിലേക്കു ക്ഷണിക്കാത്തതിന് ഇപി ജയരാജനില്ലാത്ത വേദന മറ്റാര്‍ക്കാണെന്നും ബാലന്‍ ചോദിച്ചു.
കേന്ദ്ര കമ്മിറ്റി അംഗമായ താന്‍ പോവുന്നില്ലല്ലോ? അതിലെന്താ ആര്‍ക്കും വിഷമമില്ലാത്തത്? പല കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോവുന്നില്ല. പാര്‍ട്ടി തീരുമാനിക്കുന്ന ഒരു കാര്യത്തിന് പ്രത്യേകം ആരെയും ക്ഷണിക്കുന്ന പതിവില്ല.
ഇതില്‍ ഏതെങ്കിലും രൂപത്തിലുള്ള അതൃപ്തി ഇന്നേവരെ ഇപി ജയരാജന്‍ പ്രകടിപ്പിച്ചിട്ടുണ്ടോ? ഒരു വാക്കു പോലും ഇപി ഇതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. എന്നിട്ടും ഇന്ന് ഈ വിവാദം കുത്തിപ്പൊക്കുന്നത് സെമിനാറിന്റെ മഹിമ ഇല്ലാതാക്കാനാണെന്ന് എകെ ബാലന്‍ പറഞ്ഞു. സെമിനാറില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും ബാലന്‍ പറഞ്ഞു.