BREAKING NEWSKERALALATESTNATIONAL

കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍ കോവിഡിന്റെ ‘രൂക്ഷ പ്രഭവകേന്ദ്രം’

മുംബൈ : കോവിഡ് തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെ കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കേസുകള്‍ കൂടുതലുള്ള കേരളം, ഗോവ, ഗുജറാത്ത്, ഡല്‍ഹി – എന്‍സിആര്‍ മേഖല, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയാണ് ‘സെന്‍സിറ്റീവ് ഒറിജിന്‍’ ആയി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
അതിനിടെ, രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേര്‍ മരിച്ചതോടെ ആകെ മരണം 1,78,769 ആയി.
‘രൂക്ഷ പ്രഭവകേന്ദ്രം’ ആയി പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍നിന്നു മഹാരാഷ്ട്രയിലേക്കു ട്രെയിനില്‍ സഞ്ചരിക്കുന്നവര്‍ 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്ക്കണം. കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ മറ്റു സംസ്ഥാനങ്ങളിലെ കൊറോണ വകഭേദങ്ങള്‍ എത്താതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണു ‘രൂക്ഷ പ്രഭവകേന്ദ്രങ്ങള്‍’ പ്രഖ്യാപിച്ചതെന്നും ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 68,631 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. 503 പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകള്‍ 38,39,338 ആയി. മരിച്ചവര്‍ 60,473.
കേരളത്തില്‍ ഞായറാഴ്ച 18,257 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായെടുത്ത 1,08,898 സാംപിളുകളുടെ ഫലമാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77%. പുതുതായി 25 മരണം സ്ഥിരീകരിച്ചു. ആകെ മരണം 4929. ചികിത്സയിലുള്ളവര്‍ 93,686 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന 4565 പേര്‍ കോവിഡ് മുക്തരായി. 2,37,036 പേരാണു നിരീക്ഷണത്തിലുള്ളത്. കോവിഡ് നിയന്ത്രണത്തിനു ജില്ലകള്‍ക്കു സര്‍ക്കാര്‍ 5 കോടി രൂപ വീതം അനുവദിച്ചു. കലക്ടര്‍മാര്‍ക്കാണു വിനിയോഗിക്കാനുള്ള അധികാരം. അതിനിടെ, കോവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷമായി തുടരുകയുമാണ്.

Related Articles

Back to top button