BREAKING NEWSKERALA

കേരളം ഐ.എസ്. റിക്രൂട്ടിങ് താവളം: ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ബുധനാഴ്ച വിരമിക്കുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. താന്‍ വന്നശേഷം ഭീകരവിരുദ്ധ സ്‌ക്വാഡിന് രൂപംനല്‍കിയെന്നും അവരുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അത് കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ല. കേരളത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ കൂടുതലാണ്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ ഏതുരീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് ലക്ഷ്യം. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല. ഇതൊക്കെ പോലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലുണ്ട്. ദിവസവും വിവരങ്ങളുടെ വന്‍ ശേഖരമാണ് വിശകലനം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജന്‍സി, കേന്ദ്ര ഏജന്‍സികള്‍ എന്നിവയുമായി യോജിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ളവരെ നിര്‍വീര്യമാക്കാന്‍ സംസ്ഥാന പോലീസിന് കഴിവുണ്ട് അദ്ദേഹം പറഞ്ഞു.
മാവോവാദി വേട്ടയില്‍ താന്‍ നടത്തിയത് നിയമപരമായ നടപടികള്‍ മാത്രമായിരുന്നുവെന്ന് ബെഹ്‌റ പറഞ്ഞു. പല ഘട്ടങ്ങളിലായി അവര്‍ക്ക് നിരുപാധികം കീഴടങ്ങാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവഷ്‌കരിച്ചിരുന്നു. ആരും തയ്യാറായില്ല. സംരക്ഷിത വനത്തില്‍ യൂണിഫോമിട്ട് എ.കെ. 47 ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി വരുന്നവര്‍ നിരപരാധികളല്ലെന്ന നിലപാടായിരുന്നു എടുത്തത്. മാവോവാദി പ്രശ്‌നങ്ങള്‍ തടയാന്‍ ഹെലികോപ്റ്റര്‍ ആവശ്യമുള്ളതാണ്. ഇനിയും വാടകയ്ക്ക് എടുക്കണം. പുതിയ ആഗോള ടെന്‍ഡറിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള സംഘടിത കുറ്റ കൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം വേണം. ഇതിനായുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിനുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ചിരുന്നുവെന്നത് ഒരു കഥമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ നൂറു ശതമാനവും പ്രൊഫഷണലാണ്. അഞ്ചു വര്‍ഷത്തെ തന്റെ പ്രവര്‍ത്തനം സ്വയം വിലയിരുത്തുന്നില്ല. സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് വിരമിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker